malappuram local

സിപിഎം നേതാവിന് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനം



പൊന്നാനി: എംഇഎസ് കോളജില്‍നിന്ന് പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കാനായി എസ്എഫ്‌ഐ നടത്തുന്ന നിരാഹാര സമരത്തിനിടയില്‍ സിപിഎം നേതാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. സിപിഎം പൊന്നാനി ഏരിയാ കമ്മിറ്റി മെംബറും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ മെംബറും ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന സുരേഷ് കാക്കനാട്ടിനെയാണ് സമരപ്പന്തലില്‍ വച്ച് ഒരു വിഭാഗം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. എംഇഎസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തെ അപലപിച്ച് സംസാരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു ആക്രമം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷ് കാക്കനാട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരിശം പൂണ്ട എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരുടെ കടകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. അക്രമത്തിന് നേതൃത്വം നല്‍കിയ ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 45 അനിശ്ചിതകാല സമരം നടത്തിയ എസ്എഫ്‌െഎ പ്രവര്‍ത്തകര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്നതിനെ തുടര്‍ന്നാണ് രണ്ടുദിവസം മുമ്പ് നിരാഹാര സമരം തുടങ്ങിയത്. അതാവട്ടെ പരസ്പരം ആക്രമത്തിലും കലാശിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ മൂന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥി സംജിത്ത്, ആഷിഖ്, ഷഫീഖ് എന്നിവരാണ് മര്‍ദനത്തിന് പിന്നിലെന്ന് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it