സിപിഎം നയിക്കുന്നത് എങ്ങോട്ട്?

സിപിഎം നയിക്കുന്നത് എങ്ങോട്ട്?
X


അങ്ങനെ ഒരാളും കൂടി ഇരിക്കട്ടെ—- മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു കമന്റാണിത്. അദ്ദേഹം കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവ നിയമിതനായ വേളയില്‍ നടന്ന പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി അതീവ ലാഘവത്തോടെ മറുമൊഴി നല്‍കുമ്പോള്‍ എന്താണതിനര്‍ഥം. അങ്ങനെ ഒരു ഉപദേഷ്ടാവ് അനിവാര്യമായിരുന്നുവെങ്കില്‍ ഇതായിരിക്കില്ല മറുപടി. അപ്പോള്‍ നിര്‍ബന്ധമല്ലാത്ത ഒരു തസ്തിക സൃഷ്ടിച്ച് ഒരു റിട്ടയേഡ് കക്ഷിയെ കുടിയിരുത്തിയത് ബാഹ്യസമ്മര്‍ദം മൂലമാണെന്നു വ്യക്തം. എങ്കില്‍ എന്താണ് ആ ബാഹ്യസമ്മര്‍ദമെന്നു സ്വന്തം പാര്‍ട്ടിക്കുള്ളിലെങ്കിലും പിണറായി വ്യക്തമാക്കേണ്ടതുണ്ട്. വിശേഷിച്ച് സെന്‍കുമാര്‍ സുപ്രിംകോടതിയുടെ തിട്ടൂരവും സംഘടിപ്പിച്ച് തിരുവനന്തപുരത്ത് വിമാനമിറങ്ങി “ഞാനാണ് ഇപ്പോള്‍ ഡിജിപി’യെന്ന് അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍. എല്ലാ ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും നിയമോപദേഷ്ടാവും അഡ്വക്കറ്റ് ജനറലുമടക്കം സെന്‍കുമാറിനെ പുനര്‍നിയമിക്കുകയല്ലാതെ ഒരു രക്ഷയുമില്ല എന്ന സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുമ്പോള്‍ പിണറായി എന്തു ചെയ്യാനാണ്, മുട്ടുമടക്കുകയല്ലാതെ. കേരളമടക്കം രാജ്യത്ത് എത്രയോ ഉന്നത ഉദ്യോഗസ്ഥരെ- ഡിജിപിമാരെയും ചീഫ് സെക്രട്ടറിമാരെയും- ഭരണം മാറിവരുമ്പോള്‍ മുമ്പും മാറ്റിയിട്ടുണ്ട്. യുപിയില്‍ ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കണ്‍മുന്നില്‍ കണ്ട കാക്കിയുടുപ്പിട്ട ഡിജിപിയുടെ മാറത്തേക്കു നോക്കിയപ്പോള്‍ ജാവീദ് അഹ്മദ് എന്ന പേരുകണ്ട് കണ്ണുതള്ളി. അപ്പോള്‍ തന്നെ ആളെ മാറ്റാന്‍ ഉത്തരവിട്ടിട്ട് രാജ്യത്ത് ഒന്നും സംഭവിച്ചില്ല. ആടിയില്ല ഒരു ആലിലപോലും എതിരായി. എന്തിനേറെ, കേരളത്തില്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ ചീഫ് സെക്രട്ടറിയായി ഒരു മുസ്്‌ലിമിനെ കണ്ടപ്പോള്‍ നാലുദിവസത്തേക്ക് ദഹനപ്രക്രിയ തടസ്സപ്പെട്ടത് ആരും മറന്നുകാണില്ല. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഒരു മുസ്‌ലിം ചീഫ് സെക്രട്ടറിയെ ഇരുത്തി ചരിത്രം സൃഷ്ടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുക മാത്രമായിരുന്നില്ല ആദര്‍ശധീരനായ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി; പിണറായിക്കും മുമ്പേ വര്‍ഗീയതിമിരം തന്നിലുണ്ടെന്ന് അടിവരയിടുക കൂടിയായിരുന്നു. രാജ്യത്തു നടക്കുന്ന ഏതു പൗരാവകാശ നിഷേധങ്ങളോടും സംഘി ഫാഷിസത്തോടും സിപിഎം കലഹിക്കും- പക്ഷേ, അതു മുസ്‌ലിംകള്‍ക്കു നേരെയാവുമ്പോള്‍ പ്രതിഷേധിക്കാന്‍ ആരുമുണ്ടാവില്ലെന്നു മാത്രം. ഈഴവരെ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരായി ഇളക്കിവിട്ട്, മുസ്‌ലിം നേതാക്കളുമായി സൗഹൃദം പങ്കിടുന്ന സവര്‍ണ സംഘടനകളുടെയും പിണിയാളുകളുടെയും തന്ത്രം വിജയിക്കുന്നുവെന്നു മനസ്സിലാവുക നിവര്‍ത്തനപ്രക്ഷോഭ കാലം തൊട്ടുള്ള ഈഴവ മുസ്‌ലിം പിന്നാക്ക ഐതിഹ്യചരിത്രം ഒരാവര്‍ത്തി കൂടി വായിക്കുമ്പോഴാണ്. എന്നാല്‍, വിഎസിനേക്കാള്‍ മുസ്‌ലിം മനസ്സ് അറിയാവുന്ന പിണറായി അടിക്കടി മുസ്‌ലിം വിരോധിയെന്ന പട്ടം ചുമക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? മലബാറിലെ ഒരുവിധപ്പെട്ട മുസ്‌ലിം സമ്പന്നരൊക്കെ പിണറായിയുടെ സൗഹൃദ ലിസ്റ്റിലുണ്ട്. മലപ്പുറത്തെ പ്രവാസി സമ്പന്നന്‍ കൈരളി ചാനലിന്റെ ഡയറക്ടര്‍ ആണ്. ചാനല്‍ വീണുപോവാതെ നിലനിര്‍ത്തുന്ന വന്‍തൂണുകളില്‍ ഇതുപോലെ വേറെയും എന്‍ആര്‍ഐക്കാരുണ്ട്. മലപ്പുറം ജില്ലയില്‍ സിപിഎം ഇപ്പോള്‍ സീറ്റുകള്‍ നേടുന്നതും ആ വഴിക്കുതന്നെയാണ്. നേരത്തേ മഞ്ഞളാംകുഴി അലിയും ഇപ്പോള്‍ നിലമ്പൂരിലും താനൂരിലും സീറ്റുകള്‍ നേടിയതും മുസ്‌ലിം പണക്കാരെ സ്ഥാനാര്‍ഥിയാക്കി അവരുടെ സ്വാധീനം ഉപയോഗിച്ചാണെന്നതില്‍ സംശയമുണ്ടാവാനിടയില്ല. പതിറ്റാണ്ടുകളായി ഒപ്പം നിന്ന് കൂറുകാട്ടിയ ഇന്ത്യന്‍ നാഷനല്‍ ലീഗിന്റെ എ പി അബ്ദുല്‍ വഹാബ് കോഴിക്കോട്ട് തോറ്റത് ധാരാളം സിപിഎം വോട്ടുകള്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് മറിച്ചതുകൊണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടി മലപ്പുറം ഉരുക്കുകോട്ടയില്‍ വിജയിച്ചതില്‍ എന്ത് അദ്ഭുതം എന്നു പറഞ്ഞിരുന്നാല്‍ മതിയായിരുന്നിട്ടും കടകംപള്ളി സുരേന്ദ്രന് മലപ്പുറത്തിന്റെ ഉള്ളില്‍ അടക്കം ചെയ്ത വര്‍ഗീയത തന്നെ തുപ്പിയിറക്കേണ്ടിവന്നു. ആ വര്‍ഗീയത ഇല്ലായിരുന്നുവെങ്കില്‍ കൈരളി ചാനല്‍ സാമ്പത്തികമായി തകര്‍ന്ന് എന്നേ പൂട്ടിപ്പോവുമായിരുന്നു. ഇന്ന് വര്‍ഗീയാരോപിത ലീഗിന്റെ അത്യുന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിതന്നെയാണ് സ്വന്തം ബന്ധുവായ ബിസിനസ് പ്രമുഖനെ കൈരളിയുടെ സാമ്പത്തിക നെടുംതൂണായി പിണറായിയുടെ കൈയില്‍ 2001ല്‍ അബൂദബിയില്‍ വച്ച് ഏല്‍പിച്ചുകൊടുക്കുന്നത്. കാര്യങ്ങള്‍ ഇപ്രകാരമെല്ലാമായിരുന്നിട്ടും സംസ്ഥാന ആഭ്യന്തര വകുപ്പ് ബിജെപി ഭരണ സംസ്ഥാനങ്ങളിലെ പോലിസിനെപ്പോലെ കേരളത്തിലെ മുസ്‌ലിം സമൂഹത്തെ കൈകാര്യം ചെയ്യുന്നതിന്റെ കാര്യമെന്താണ്? അബ്ദുന്നാസിര്‍ മഅ്ദനിയെ രണ്ടുതവണ പിടികൂടി മറ്റവര്‍ക്കു കൈമാറാന്‍ നായനാര്‍ പോലിസും കോടിയേരി പോലിസും കാണിച്ച ആവേശത്തിന്റെ ഭവിഷ്യത്തുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ, മുസ്‌ലിം യുവാക്കള്‍ക്കെതിരേ സ്വന്തം പാര്‍ട്ടി തന്നെ അംഗീകരിക്കാത്ത യുഎപിഎ ചുമത്തുമ്പോള്‍ എന്തുകൊണ്ട് അതേ പാര്‍ട്ടിയില്‍ ആര്‍ക്കും തിരുത്താനാവുന്നില്ല? കൊടിഞ്ഞി ഫൈസല്‍ വധത്തിലായാലും കാസര്‍കോട് റിയാസ് മൗലവി ക്രൂരഹത്യയുടെ കാര്യത്തിലായാലും പോലിസ് കാണിക്കുന്ന ഒത്തുകളി എന്തുകൊണ്ട് തിരുത്തപ്പെടുന്നില്ല? പൊമ്പിളൈ ഒരുമൈയെ അവഹേളിച്ചാല്‍ മുറിപ്പെടുന്ന വികാരം മലപ്പുറം ജില്ലയെ ഒന്നടങ്കം അവഹേളിച്ചാല്‍ മുറിപ്പെടാത്ത മട്ടിലുള്ള ഒരു കപട മതേതരത്വം കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയുടെ “ഉള്ളടക്കം’ ആയി മാറിയിരിക്കുന്നു. നിയമസഭയില്‍ പ്രസംഗിക്കുമ്പോള്‍ പിണറായി വിജയന് ആര്‍എസ്എസിന്റെ എല്ലാ കുടിലതന്ത്രങ്ങളെക്കുറിച്ചും കൃത്യമായ അവബോധമാണ്. എന്നാല്‍, പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ കാലുകുത്തുമ്പോഴേക്കും പിണറായിക്ക് ഒരു മോദിച്ഛായ കൈവരുന്നു. കുട്ടികളെ ഉള്‍പ്പെടെ ആയുധപരിശീലനം നല്‍കി അക്രമികളും അതിക്രമികളുമാക്കി മാറ്റുന്ന ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ നിശിതമായി നിയമസഭയില്‍ വിമര്‍ശിച്ച പിണറായിക്ക് പക്ഷേ, ഇതിനായി കേരളത്തിലെ സ്‌കൂളുകളും ക്ഷേത്രങ്ങളും ദുരുപയോഗപ്പെടുത്തുന്നത് തടയാനോ തടയുന്നതിനെക്കുറിച്ച് ആലോചിക്കാനോ കഴിയുന്നില്ല. ലക്ഷ്മി നായരുടെയും ലോ അക്കാദമിയുടെയും വിഷയത്തില്‍ ജനമനസ്സ് കാണുന്നതില്‍ പിറകിലായിപ്പോയ വിജയഭരണം മഹിജ എന്ന അമ്മമനസ്സ് കാണാനും വളരെ വൈകി. ഇരകളെ കാണുമ്പോള്‍ വെകിളിപിടിക്കുന്ന കേരള പോലിസിന്റെ ഒരേയൊരു സ്തുതിപാഠകനായി മാറിയിരിക്കുകയാണ് ലോക്‌നാഥ് ബെഹ്‌റയുടെ മെഗാഫോണ്‍ എന്ന നിലയിലേക്ക് തരംതാണ മുഖ്യമന്ത്രി. മൂന്നാറില്‍ ഭൂമി കൈയേറി അനധികൃതമായി നാട്ടിയ കുരിശ് പൊളിച്ചപ്പോള്‍ ഒരു സത്യക്രിസ്ത്യാനിക്കും വിഷമം തോന്നിയില്ല. സഭകള്‍ അതു നന്നായി എന്ന് പ്രതികരിക്കുമ്പോഴും പിണറായി വിജയന് വല്ലാതെ പൊള്ളി. എന്നാല്‍ പിന്നെ മതവികാരം വ്രണപ്പെടുത്തുന്ന ഏതു സംഭവങ്ങളോടും ഇതേ പൊള്ളല്‍ വേണ്ടതല്ലേ? ഫൈസല്‍ വധവും റിയാസ് മൗലവി വധവും ഇതേപോലെ വിജയന്റെ മനസ്സ് പൊള്ളിക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം മലയാളിയുടെ മനസ്സിലുയരുക സ്വാഭാവികം.ഈയൊരു പോക്ക് സിപിഎം നയിക്കുന്ന ഭരണകൂടത്തെ മാത്രമല്ല തകര്‍ക്കുക; സിപിഎം എന്ന, കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയെ കൂടിയാണ്. പാര്‍ട്ടിക്കുള്ളില്‍ അടിഞ്ഞുകൂടിയ സംഘി മനസ്സുള്ളവര്‍ മാത്രമല്ല, അവരോടൊപ്പം അടിയുറച്ച കമ്മ്യൂണിസ്റ്റുകള്‍ കൂടി പടിയിറങ്ങിപ്പോവുമ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരും. അത് ഇപ്പോള്‍ സിപിഎം അറിഞ്ഞോ അറിയാതെയോ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മൃദുഹിന്ദുത്വത്തിന്റെ മലിനസാഹചര്യങ്ങളുടെ പരിണതഫലമായി ബിജെപിയിലേക്കായിരിക്കും. കോണ്‍ഗ്രസ്സുമായി ഡല്‍ഹിയിലോ വടക്ക് എവിടെയെങ്കിലുമോ സിപിഐ സഹകരിക്കുന്നതിനെ കോടിയേരി വിമര്‍ശിക്കുന്നു. യെച്ചൂരിക്ക് രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് പിന്തുണ നിരസിക്കുന്നു. കോണ്‍ഗ്രസ്സുമായും മറ്റും സഹകരിക്കാതെ എന്ത് മതേതര ബദലാണ് 2019ലേക്ക് സിപിഎം കാണുന്നതെന്നു വ്യക്തമാക്കിയാല്‍ കൊള്ളാം. കേരളത്തില്‍ സിപിഎമ്മിനെ തകര്‍ത്ത് ബിജെപിക്ക് അരങ്ങൊരുക്കുന്ന യജ്ഞം നടക്കുന്നതിനെക്കുറിച്ച് ബോധ്യമുള്ള യഥാര്‍ഥ കമ്മ്യൂണിസ്റ്റുകള്‍ സംഘി സ്വാധീനത്തില്‍നിന്ന് ആഭ്യന്തര വകുപ്പിനെ മോചിപ്പിക്കാനും കേന്ദ്രത്തില്‍ പുതിയ ബദലിനായി ഒരുമിക്കാനുമാണ് ശ്രമിക്കേണ്ടത്. യുപിക്ക്‌ശേഷം ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പു കൂടി അത്തരമൊരു മഹാസഖ്യത്തിന്റെ അനിവാര്യത തെര്യപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസ്സും സിപിഎമ്മും പുറംതിരിഞ്ഞുനടക്കുകയല്ല വേണ്ടത്. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഭാരതീയ ജനസംഘം ഉള്‍പ്പെട്ട ജനതാ പാര്‍ട്ടിയുമായി 1977ല്‍ കോണ്‍ഗ്രസ്സിന്റെ ഏകാധിപത്യത്തിനെതിരേ സഖ്യം ചേര്‍ന്ന സിപിഎമ്മിന് ഇപ്പോള്‍ എന്തുകൊണ്ട് അതിനേക്കാള്‍ വലിയ സര്‍വാധിപത്യ ഫാഷിസ്റ്റ് വാഴ്ചയ്‌ക്കെതിരേ കോണ്‍ഗ്രസ്സുമായി ചേര്‍ന്നുകൂടാ?
Next Story

RELATED STORIES

Share it