Articles

സിപിഎം നയത്തിന് ഒരു രക്തസാക്ഷി

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ള കരട് രാഷ്ട്രീയ പ്രമേയം ഒരു രക്തസാക്ഷിയെ സൃഷ്ടിച്ചത് രാജ്യം അറിഞ്ഞില്ല. ത്രിപുരയില്‍ നിന്നുള്ള മുതിര്‍ന്ന കേന്ദ്ര കമ്മിറ്റിയംഗം ഖഗന്‍ ദാസിന്റെ മരണം വെറും സ്വാഭാവിക മരണമായി ഒതുങ്ങി. വെള്ളിയാഴ്ച മുതല്‍ കൊല്‍ക്കത്തയില്‍ ആരംഭിച്ച കേന്ദ്ര കമ്മിറ്റി യോഗത്തിനു മുമ്പില്‍ രണ്ട് കരട് രാഷ്ട്രീയ പ്രമേയങ്ങളാണ് പതിവുവിട്ട് ചര്‍ച്ച ചെയ്തത്. ഔദ്യോഗികമായി ജനറല്‍ സെക്രട്ടറി മുന്നോട്ടുവച്ച റിപോര്‍ട്ടിലെ രാഷ്ട്രീയ അടവുനയവും പിബിയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച ബദല്‍ കരട് പ്രമേയത്തിലെ അടവുനയവും പരസ്പരം നിഷേധിക്കുന്നതായിരുന്നു. തലനാരിഴകീറി ചര്‍ച്ച പൂര്‍ത്തിയാവുമ്പോഴേക്കും പാര്‍ട്ടി നേതൃത്വം തീര്‍ത്തും രണ്ടു രാഷ്ട്രീയചേരിയായി ഭിന്നിക്കുകയും ചെയ്തു.
ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച അടവുനയത്തിന്റെ ചരമക്കുറിപ്പ് രാത്രിയില്‍ പിബി യോഗത്തോടെ എഴുതപ്പെടുമെന്നും ഞായറാഴ്ച കാലത്തു ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ ഭൂരിപക്ഷം കൈപൊക്കി അത് പ്രഖ്യാപിക്കുമെന്നും വ്യക്തമായിരുന്നു.
കടുത്ത ആന്തരിക സംഘര്‍ഷത്തോടെയാണ് ഖഗന്‍ ദാസ് കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്ന അലീമുദ്ദീന്‍ സ്ട്രീറ്റിലെ മുസഫര്‍ അഹ്മദ് ഭവനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ വിക്ടോറിയ സ്ട്രീറ്റിലെ ത്രിപുര ഗവണ്മെന്റിന്റെ അതിഥിമന്ദിരത്തിലേക്ക് പോയത്. ത്രിപുരയില്‍ നിന്ന് മുഖ്യമന്ത്രിയടക്കം അഞ്ചു കേന്ദ്ര കമ്മിറ്റി അംഗങ്ങളാണുള്ളത്. മോദി ഗവണ്മെന്റിന്റെ ഫാഷിസ്റ്റ് നീക്കങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസ്സിന്റെ കൂടി രാഷ്ട്രീയ പിന്തുണ അനിവാര്യമാണെന്ന തന്റെ നിലപാട് ചര്‍ച്ചയില്‍ മുഖം നോക്കാതെ ശക്തമായി അവതരിപ്പിച്ചാണ് ഖഗന്‍ ദാസ് മടങ്ങിയത്. അദ്ദേഹത്തിന്റെ നിലപാടിന് ആത്മാര്‍ഥതയുടെയും സത്യസന്ധതയുടെയും ഉള്ളില്‍ത്തട്ടുന്ന വൈകാരികതയുടെയും പ്രഭാവമുണ്ടായിരുന്നു.
രാഷ്ട്രീയ നയപ്രശ്‌നങ്ങളില്‍ വ്യക്തിപരതയില്ലെന്നും നിലപാട് മാത്രമാണുള്ളതെന്നുമുള്ള പാര്‍ട്ടി നിലപാടിനോട് ഇണങ്ങാത്ത സ്വഭാവക്കാരനായിരുന്നു അദ്ദേഹം. നിയമസഭാംഗം, മന്ത്രി എന്ന നിലയില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നു ലോക്‌സഭയിലെയും രാജ്യസഭയിലെയും സജീവ സാന്നിധ്യം വഴി ദേശീയ രാഷ്ട്രീയത്തില്‍ നിന്നു സ്വരൂപിച്ച നേരനുഭവങ്ങളുടെ ആകത്തുകയില്‍ നിന്നാണ് ഖഗന്‍ ദാസ് സംസാരിച്ചത്; കോണ്‍ഗ്രസ്സുമായി തൊട്ടുകൂടെന്ന കാരാട്ടിന്റെ രേഖ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടത്.
അര്‍ധരാത്രി കഴിഞ്ഞിട്ടും ഉറക്കം കിട്ടാതെ കിടന്ന ഖഗന്‍ ദാസിനു 3 മണിയോടെ ഹൃദയാഘാതം ഉണ്ടായി. ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ ജീവന്‍ കൂടുവിടുകയും ചെയ്തു.
എട്ടു വര്‍ഷം മുമ്പ് ഇതുപോലെ ഫെബ്രുവരിയിലെ ഒരു തണുപ്പില്‍ കൊല്‍ക്കത്തയില്‍ കേന്ദ്ര കമ്മിറ്റി ചേര്‍ന്ന് മുതിര്‍ന്ന ഒരു കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരേ അച്ചടക്ക നടപടി എടുക്കുകയുണ്ടായി. തമിഴ്‌നാട്ടിലെ മുന്‍ നിയമസഭാംഗവും സിഐടിയു ദേശീയ നേതാവുമായ ഡബ്ല്യൂ ആര്‍ വരദരാജനെ അച്ചടക്ക നടപടിയുടെ പേരില്‍ നേതൃസ്ഥാനങ്ങളില്‍ നിന്നു നീക്കം ചെയ്യുകയായിരുന്നു. 'ഒരു മുതിര്‍ന്ന നേതാവിന് അനുയോജ്യമല്ലാത്ത പെരുമാറ്റ'ത്തിന്റെ പേരിലായിരുന്നു ആ പുറന്തള്ളല്‍. പാര്‍ട്ടി അംഗവും മഹിളാ സംഘടനയുടെ നേതാവുമായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ പരാതിയിലായിരുന്നു പാര്‍ട്ടിയുടെ അച്ചടക്ക നടപടി.
തനിക്കെതിരായ നേതൃത്വത്തിന്റെ നടപടി പ്രഖ്യാപനം കേട്ട വരദരാജന്റെ മനസ്സിലൂടെ തിരതല്ലിവന്നത് തിരുവള്ളുവരുടെ തമിഴ് ക്ലാസിക്കായ തിരുക്കുറലിലെ ആത്മാഭിമാനം സംബന്ധിച്ച വാക്കുകളായിരുന്നു. തനിക്കെതിരേ നടപടിയെടുത്ത ആ യോഗസ്ഥലത്ത് ഇരുന്നുകൊണ്ടുതന്നെ വരദരാജന്‍ ഇങ്ങനെ കുറിച്ചു: ''ഒരിഴ മുടി പോലും കൊഴിഞ്ഞാല്‍ കാവരിമാന്‍ (ഒരു പ്രത്യേകയിനം മാന്‍) ജീവിതം അവസാനിപ്പിക്കും. തങ്ങളുടെ മാന്യതയ്ക്കു മേല്‍ നേരിയ കറ പോലും പുരണ്ടാല്‍ യഥാര്‍ഥ മാനികള്‍ സ്വന്തം ജീവന്‍ പരിത്യജിക്കും.''
കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയില്‍ തിരിച്ചെത്തിയ വരദരാജന്‍ മറ്റൊരു കുറിപ്പുകൂടി എഴുതിവച്ചു. അതില്‍ പറഞ്ഞു: ''എന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളും അവസാനിപ്പിക്കണം. അതില്‍ അവശേഷിക്കുന്ന തുക പാര്‍ട്ടിക്ക് നല്‍കണം. എന്റെ പുസ്തകങ്ങള്‍ പാര്‍ട്ടിക്കും 'തീക്കതിരി'ന്റെ (പാര്‍ട്ടി മുഖപത്രം) ലൈബ്രറിയിലേക്കും കൊടുക്കണം. അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ എന്റെ മകള്‍ എനിക്കു വാങ്ങിത്തന്ന ലാപ്‌ടോപ്പ് 'തീക്കതിരി'ന് ഉപയോഗിക്കാന്‍ നല്‍കണം. വൈദ്യ ഗവേഷണത്തിനായി എന്റെ ശരീരം വിട്ടുകൊടുക്കാം. എന്റെ ചിത്രം അനാച്ഛാദനം ചെയ്യുന്നതടക്കമുള്ള ഒരു ചടങ്ങും എനിക്കു വേണ്ടി എന്റെ വീട്ടില്‍ അടക്കം ഒരിടത്തും നടത്താന്‍ പാടില്ല.''
അടുത്ത ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ വരദരാജന്‍ തനിക്ക് പാര്‍ട്ടി ചുമതലയുണ്ടായിരുന്ന 'തീക്കതിര്‍' പത്രത്തില്‍ പോവുകയും അതിന്റെ പ്രവര്‍ത്തകരെ കണ്ട് സംസാരിക്കുകയും ചെയ്തു. അവിടെ നിന്നിറങ്ങിയ ആ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവിനെ പിന്നീട് കാണാതായി.
നാലാം ദിവസം വരദരാജന്റെ മൃതദേഹം ചെന്നൈ നഗരപ്രാന്തത്തിലെ ഒരു തടാകത്തില്‍ നിന്നു കണ്ടെത്തി. തന്റെ ആത്മാഭിമാനം തകര്‍ത്ത പാര്‍ട്ടി നടപടിയെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കാന്‍ ആ തടാകത്തിന്റെ അഗാധതയിലേക്ക് അദ്ദേഹം നടന്നുപോവുകയായിരുന്നു.
സിപിഎം ഉന്നതനേതൃത്വത്തിന്റെ രാഷ്ട്രീയ സംഘടനാ തീരുമാനങ്ങളുടെ രണ്ടു തരം ചിത്രങ്ങളാണ് ഖഗന്‍ ദാസിന്റെ ഹൃദയം പൊട്ടിയുള്ള മരണവും അപമാനം അടിച്ചേല്‍പിച്ചതില്‍ മനസ്സു തകര്‍ന്ന വരദരാജന്റെ ആത്മഹത്യയും. ഇതു രണ്ടും പാര്‍ട്ടി നിലപാടുകളുമായി ബന്ധപ്പെട്ടതാണെന്നാണ് നേതൃത്വത്തിന്റെ എന്നുമുള്ള ന്യായീകരണം. എകെജി സെന്ററിലോ എകെജി ഭവനിലോ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിലോ ഇരിക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് ഇതു മനുഷ്യരെ എങ്ങനെ ബാധിക്കുന്നുവെന്നത് പ്രശ്‌നമല്ല.
ത്രിപുര ഒരു നിര്‍ണായക തിരഞ്ഞെടുപ്പിന്റെ മുമ്പിലാണ്. ബിജെപിയുടെ അതിശക്തമായ വെല്ലുവിളി നേരിടുന്ന ത്രിപുരയുടെ രാഷ്ട്രീയാവസ്ഥയെക്കുറിച്ച് ഖഗന്‍ ദാസിനുള്ള ഉല്‍ക്കണ്ഠ മറ്റുള്ളവര്‍ക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. അതിനുമപ്പുറം, മരണവും ആത്മഹത്യയും പാര്‍ട്ടി അധികാരദണ്ഡ് ഉപയോഗിച്ച് അടിച്ചിറക്കിവിടുന്നവരുടെ കണ്ണീരും അവര്‍ക്ക് രാഷ്ട്രീയേതരവും അപ്രധാനവുമായ വിഷയങ്ങള്‍ മാത്രം.                                                  ി
Next Story

RELATED STORIES

Share it