സിപിഎം നടത്തിയ വധശ്രമവും പോലിസ് അതിക്രമവും കാടത്തം: എസ്ഡിപിഐ

കോഴിക്കോട്: സിപിഎമ്മിന്റെ നേതൃത്വത്തില്‍ കുറ്റിയാടിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ നിസാറിനു നേരെ നടത്തിയ വധശ്രമം തികഞ്ഞ കാടത്തവും അപലപനീയവുമാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

രക്തച്ചാലുകള്‍ നല്‍കിയ തിരിച്ചടികളില്‍ നിന്ന് സിപിഎം എന്ന രാഷ്ടീയപ്പാര്‍ട്ടി പാഠം പഠിച്ചിട്ടില്ലെന്നുവേണം കരുതാന്‍. അത്യാസന്ന നിലയില്‍ നിസാറിനെയും വഹിച്ചുവന്ന ആംബുലന്‍സ് വഴിയില്‍ തടയുകയും അതിക്രമം നടത്തുകയും ചെയ്ത അത്തോളി പോലിസിന്റെ നടപടി മനുഷ്യത്വ രഹിതവും നിയമ വ്യവസ്ഥയ്ക്കു കളങ്കവുമാണ്. പരിശോധന നടത്താനെന്ന വ്യാജേനയാണ് ആംബുലന്‍സ് തടഞ്ഞുവച്ചത്.മരണത്തോടു മല്ലടിക്കുന്ന ഒരാളോട് ക്രൂരമായി പെരുമാറിയ പോലിസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് എസ്ഡിപിഐ ആവശ്യപ്പെടുന്നത്.  16ാം തിയ്യതി വടകര എസ്പി ഓഫിസ് മാര്‍ച്ച് നടത്താനും ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കുറ്റിയാടിയില്‍ ബോംബെറിഞ്ഞു വെട്ടിപ്പരിക്കേല്‍പ്പിച്ച ആര്‍ എം നിസാറിനെ കോഴിക്കോട് ആശുപത്രിയിലേക്കു കൊണ്ടുവരുന്ന വഴിയില്‍ അത്തോളി പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് എസ് ഐ പ്രകാശന്റെ നേതൃത്വത്തില്‍ ഒരു പറ്റം പോലിസുകാരും അക്രമികളും ചേര്‍ന്ന് ആംബുലന്‍സ് തടഞ്ഞുവച്ചതിനെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പരാതി നല്‍കി.

തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ ആഭ്യന്തരമന്ത്രിയുടെ ഓഫിസില്‍ നേരിട്ടു പരാതി നല്‍കിയ ജില്ലാ പ്രസിഡന്റിനോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും അടിയന്തര പ്രാധാന്യത്തോടു കൂടി അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്നും മന്ത്രി ഉറപ്പുനല്‍കി.
Next Story

RELATED STORIES

Share it