Flash News

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെയുള്ള ആക്രമണം പി മോഹനനെ ലക്ഷ്യം വച്ചുള്ളതെന്ന് മുഖ്യമന്ത്രി

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെയുള്ള ആക്രമണം പി മോഹനനെ ലക്ഷ്യം വച്ചുള്ളതെന്ന് മുഖ്യമന്ത്രി
X


കോഴിക്കോട്: സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ നടന്ന ബോംബാക്രമണം ജില്ലാ സെക്രട്ടറി പി മോഹനനെ വധിക്കാന്‍ ലക്ഷ്യമിട്ടായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം വളരെ ഗൗരവമേറിയതാണ്. മോഹനന്‍ വരുന്നതു കാത്തു നാലുപേര്‍ വഴിയില്‍ നില്‍പ്പുണ്ടായിരുന്നു. ഓഫീസ് കോംപൗണ്ടിലേക്ക് കയറിയപ്പോള്‍ അവര്‍ ഊടുവഴി എത്തി ബോംബ് എറിയുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫിസ് ആക്രമിക്കാനായിരുന്നെങ്കില്‍ അവര്‍ക്ക് അതു ചെയ്തു പോവാമായിരുന്നു. എന്നാല്‍, ജില്ലാ സെക്രട്ടറിയെ മാത്രം ലക്ഷ്യംവച്ചുള്ള ആക്രമണമായിരുന്നു ഇത്. ജില്ലാ സെക്രട്ടറിയെ കൊലപ്പെടുത്തുന്ന സംഭവം നടന്നാല്‍ അതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമാവുമായിരുന്നു. അത് ഉന്നം വച്ചാണ് അക്രമികള്‍ പ്രവര്‍ത്തിച്ചത്. പ്രതികളെ പൊലിസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഗൗരവമായ അന്വേഷണമാണ് നടക്കുന്നത്. എല്ലാ വിവരവും ശേഖരിച്ചു കഴിയാത്തതിനാലാവാം പോലിസ് വിവരങ്ങള്‍ കൈമാറാത്തതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കരുതെന്നതു സമാധാന ചര്‍ച്ചകളില്‍ നേരത്തെ തന്നെ ധാരണയുണ്ടാക്കിയതാണ്. എന്നാല്‍, അതു നടന്നില്ല. ഓഫിസുകള്‍ക്കു നേരെയുള്ള ആക്രമണം എല്ലാവരും ഒഴിവാക്കേണ്ടതുണ്ട്. വീടുകള്‍ക്കും നേരെയും അക്രമം ഉണ്ടാവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുമ്മനം രാജശേഖരന്‍ പറയുന്നത് ഇപ്പോള്‍ ആരും വിലക്കെടുക്കാത്തതു കൊണ്ട് അദ്ദേഹം ആരെ കണ്ടു കാര്യം പറയുന്നതിനെയും ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി നേതാക്കള്‍ ഇടക്കിടെ ഗവര്‍ണറെ കാണുന്നതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. നേരിട്ട് കാണുന്ന ദൃശ്യം പോലും മായയാണെന്നാണ് കുമ്മനം പറയുന്നത്. സീതാറാം യെച്ചൂരിയുടെ ഓഫിസ് ആക്രമിച്ചവരെ പോലിസ് പിടികൂടിയിട്ടും അത് സമ്മതിക്കാത്തയാളാണ് കുമ്മനമെന്നും അവര്‍ പറയുന്നതിനെ ജനം വിലയിരുത്തട്ടേയെന്നും പിണറായി പറഞ്ഞു.
Next Story

RELATED STORIES

Share it