സിപിഎം ജാതി-വര്‍ഗ ബന്ധം മനസ്സിലാക്കി പ്രവര്‍ത്തിക്കണം: പ്രകാശ് കാരാട്ട്‌

കൊച്ചി: രാജ്യത്തിന്റെ സാമൂഹികഘടനയിലെ ജാതി-വര്‍ഗ ബന്ധം മനസ്സിലാക്കിയുള്ള പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
കാറല്‍ മാര്‍ക്‌സിന്റെ 200ാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് എറണാകുളത്ത് ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച മാര്‍ക്‌സിയന്‍ സിദ്ധാന്തവും പ്രയോഗവും 21ാം നൂറ്റാണ്ടില്‍ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ് കാരാട്ട്. മറ്റൊരു രാജ്യത്തുമില്ലാത്ത തരത്തില്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നുവെന്നത് ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ വര്‍ഗ-ജാതി ബന്ധത്തെക്കറിച്ച് സൂക്ഷ്മമായി മനസ്സിലാക്കുകയും ശരിയായ പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയുമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോള്‍ ചെയ്യേണ്ടത്. ഇന്ത്യയിലെ ഹിന്ദുത്വ ശക്തികള്‍ക്കെതിരേ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ നിലപാടുകളെടുക്കാന്‍ ഇത്തരം നടപടികള്‍ സഹായകരമാവും.
പാര്‍ലമെന്ററി രംഗത്തെ അനുഭവങ്ങളെ മാര്‍ക്‌സിയന്‍ സിദ്ധാന്തവും പ്രയോഗവുമായി കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിരന്തര പാര്‍ലമെന്ററിസം മാത്രമാണുണ്ടാവുക. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിപ്ലവ സ്വഭാവത്തെ തകര്‍ക്കും. പാര്‍ലമെന്ററി പ്രവര്‍ത്തനത്തെ വിപ്ലവ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാണണം. അത്തരം സമഗ്ര കാഴ്ചപ്പാടുണ്ടാക്കിയെടുക്കാന്‍ കഴിയുന്ന സൈദ്ധാന്തിക വളര്‍ച്ചയാണ് നാടിനാവശ്യമെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.
അനൗപചാരികമായ, അസംഘടിതരായ തൊഴിലാളികള്‍ ധാരാളമുള്ള മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലൂടെയാണ് സമൂഹം കടന്നുപോവുന്നത്. സ്ത്രീകളെയും കുട്ടികളെയും ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന തൊഴിലാളികളായാണ് മുതലാളിത്തം കാണുന്നത്. ഇത്തരം ജാതി-വര്‍ഗ ബന്ധം നിലനില്‍ക്കുന്നിടത്തോളം മുതലാളിത്തം ഈ രണ്ടു മേഖലയിലും പിടിമുറുക്കുമെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it