kannur local

സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍ വ്യാപക കുന്നിടിക്കല്‍

തളിപ്പറമ്പ്: പുളിമ്പറമ്പില്‍ സിപിഎം വാര്‍ഡ് കൗണ്‍സിലറുടെ സ്ഥലത്തടക്കം വ്യാപകമായ കുന്നിടിക്കല്‍. ഇതിനെതിരേ സിപിഎമ്മിലെ ഒരുസംഘം യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പുളിമ്പറമ്പ്-കുപ്പം റോഡില്‍ കണിക്കുന്നിന് എതിര്‍വശം പുളിയോട്ടാണ് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കുന്നിടിച്ചു നിരപ്പാക്കുന്നത്. നിര്‍മാണത്തിലുള്ള വീട്ടിലേക്ക് റോഡ് പണിയാനെന്ന പേരിലാണ് പ്രവൃത്തി. ചെറിയ റോഡ് നിര്‍മാണം മാത്രമാവുമെന്ന് കരുതി പ്രദേശവാസികള്‍ ആദ്യം എതിര്‍ത്തില്ല. എന്നാല്‍ ഇപ്പോള്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി 20 അടി താഴ്ചയില്‍ മണ്ണെടുത്തുകഴിഞ്ഞു. പ്രദേശത്തെ നഗരസഭാ കൗണ്‍സിലര്‍ അടക്കമുള്ള മൂന്നുപേരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കുന്നിടിക്കല്‍. കുന്നിന് താഴെയുള്ള ഇടുങ്ങിയ റോഡിലൂടെ ദിനേന സ്‌കൂള്‍ ബസ്സുകള്‍ കടന്നുപോവുന്നുണ്ട്.
കുന്നിന്റെ അവശിഷ്ടങ്ങള്‍ മഴയില്‍ താഴേക്ക് പതിച്ചാല്‍ വലിയ ദുരന്തമാവും സംഭവിക്കുക. കൂടാതെ, പുളിമ്പറമ്പിലെ 110 കെവി സബ് സ്‌റ്റേഷന്റെ പ്രധാന വൈദ്യുതിലൈനിന്റെ സ്‌റ്റേ കമ്പി നിലനില്‍ക്കുന്നതും ഇടിച്ചുകൊണ്ടിരിക്കുന്ന കുന്നിന്റെ പാറക്ക് മുകളിലാണ്. പാറയാവട്ടെ ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലും. ഇതേസ്ഥലത്തെ 220 കെവി ടവറിനും കുന്നിടിക്കല്‍ ഭീഷണിയാണെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം, ഖനനത്തിന് ജിയോളജി വകുപ്പിന്റെ അനുമതിയുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ വി വി കുഞ്ഞിരാമന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it