സിപിഎം-കോണ്‍ഗ്രസ് വാക്കേറ്റത്തിനിടയില്‍ മഴ നനഞ്ഞ് നിലത്ത് കെവിന്റെ മൃതദേഹം

പുനലൂര്‍: തെന്മലയില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കോട്ടയത്തു നിന്ന് തട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്തിയ കെവിന്റെ മൃതദേഹം കരയ്‌ക്കെത്തിച്ചുവച്ചിരിക്കുന്നതിനു സമീപത്തായിരുന്നു സംഘര്‍ഷം. പ്രദേശത്ത് കനത്ത മഴയിലും മൃതദേഹം തോടിന്റെ കരയില്‍ കിടത്തിയിരിക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ ശേഷം മാത്രം ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യം.
എന്നാല്‍ ഇത് ആവശ്യമില്ല, പോലിസിന്റെ നടപടികള്‍ തുടരാമെന്ന സിപിഎം നിലപാടിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലിസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. കെവിന്റെ ബന്ധുക്കള്‍ കോട്ടയത്തു നിന്ന് തെന്മലയില്‍ എത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു സംഘര്‍ഷം. മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കു ശേഷവും ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാത്തതിനെതിരേയും പ്രതിഷേധം ഉയര്‍ന്നിരുന്നു. പത്തംഗ സംഘം കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കെവിനെ തട്ടിക്കൊണ്ടുവന്നത്. ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നീനു കോട്ടയം ഗാന്ധി നഗര്‍ പോലിസില്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഗാന്ധി നഗര്‍ പോലിസ് തെന്മല പോലിസുമായി ബന്ധപ്പെട്ടു. ഈ സംഘം സഞ്ചരിച്ചിരുന്ന കാറും ഉടമ ഇടമണ്‍ സ്വദേശി ഇബ്രാഹീംകുട്ടിയെയും നീനുവിന്റെ ബന്ധു കൂടിയായ ഇടമണ്‍ സ്വദേശി ഇഷാന്‍ ഇസ്മായിലിനെയും കസ്റ്റഡിയിലെടുത്തു.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കെവിന്റെ ജഡം തള്ളിയ സ്ഥലം കാട്ടിക്കൊടുത്തത്. തെന്മല പോലിസിന്റെ സഹായത്തോടെ ഇന്നലെ രാവിലെ 9 മണിയോടെ കോട്ടയത്തു നിന്നെത്തിയ പോലിസ് സംഘം ആറ്റില്‍ നിന്നു ജഡം കണ്ടെടുത്തു. കെവിന്റെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞതോടെ പുനലൂര്‍ തഹസില്‍ദാറിന്റെ മേല്‍നോട്ടത്തില്‍ പുനലൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തെന്മലയില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെ ചാലിയേക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു ഭാഗം റബര്‍ തോട്ടങ്ങളും മറുഭാഗം കാടും പങ്കിടുന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കെവിന്‍ തോട്ടില്‍ കാല്‍ വഴുതിവീണതാവാമെന്ന സംശയം പോലിസ് ഉന്നയിച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ കടുത്ത പ്രതിഷേധവുമായാണ് രംഗത്തെത്തിയത്. റോഡില്‍ നിന്നു 350 മീറ്ററോളം അകലെ ഒരാള്‍ എങ്ങനെ കാല്‍ വഴുതിവീഴുമെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം.
Next Story

RELATED STORIES

Share it