ernakulam local

സിപിഎം കൊടിനാട്ടി; സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്‌

കോതമംഗലം: ക്ലബ്ബ് പുനരുദ്ധാരണത്തിന്റെ പേരില്‍ ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. 5 പേര്‍ക്ക് പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവളങ്ങാട് പഞ്ചായത്തിലെ അള്ളുങ്കല്‍ കവലയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലബ്ബിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.
20 വര്‍ഷം മുന്‍പ് നാട്ടുകാരുടെ നേതൃത്വത്തില്‍ പട്ടയത്തോടു കൂടിയ ഒന്നര സെന്റ് സ്ഥലത്ത് നിര്‍മ്മിച്ചതായിരുന്നു യുവധാര ആര്‍ട്‌സ് ആന്റ്് സ്‌പോര്‍ട്‌സ് ക്ലബ്ബ്. കഴിഞ്ഞ 5 വര്‍ഷത്തോളമായി ഭിത്തിയും കെട്ടിടവും തകര്‍ന്നു കിടക്കുകയായിരുന്നു. ഇതിനിടെ രണ്ടു മാസം മുന്‍പ് ക്ലബ്ബ് പുനരുദ്ധരിക്കാന്‍ എന്ന പേരില്‍ പൊതു പിരിവെടുത്ത് ഒരു വിഭാഗം ഭിത്തിയും മേല്‍ക്കൂരയും നിര്‍മ്മിച്ചു.
എന്നാല്‍ പണി പൂര്‍ത്തിയായപ്പോള്‍ കെട്ടിടം നിര്‍മ്മിച്ചവര്‍ തണല്‍’എന്ന പേരില്‍ ചാരിറ്റബിള്‍ സംഘത്തിന്റെ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. ഇതോടെ നാട്ടുകാരും ക്ലബ്ബ് ഭാരവാഹികളും എതിര്‍പ്പുമായി രംഗത്തെത്തി. തുടര്‍ന്ന് ഊന്നുകല്‍ പോലിസില്‍ പരാതി നല്‍കി. ഇരു വിഭാഗത്തെയും ഊന്നുകല്‍ എസ്‌ഐ സ്‌റ്റേഷനില്‍ വിളിച്ച് ചര്‍ച്ച നടത്തിയപ്പോള്‍  തണല്‍ നിര്‍മ്മിച്ച കെട്ടിടം അവര്‍ പൊളിച്ചുമാറ്റുകയാണെന്ന് അറിയിച്ചു. ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരാനും എസ്.ഐ. അനുവദിച്ചു.
തുടര്‍ന്ന് ഇരുവിഭാഗക്കാരും തീരുമാനം അംഗീകരിച്ച് സ്‌റ്റേഷനില്‍ ഒപ്പുവച്ച് പിരിഞ്ഞു. ഇതിനിടെ വെള്ളിയാഴ്ച ഉച്ചക്ക് 2 മണിയോടെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ക്ലബ്ബ് വക സ്ഥലത്തിന്റെ മധ്യഭാഗത്ത് തറയോട് ചേര്‍ന്ന് സിപിഎം കൊടിനാട്ടി. ഇതിനെതിരെയും നാട്ടുകാരും ക്ലബ്ബ് ഭാരവാഹികളും എതിര്‍പ്പുമായി എത്തിയിരുന്നു. ഇതിനിടയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയവരില്‍ ചിലര്‍ നാട്ടുകാരെ ചീത്ത വിളിച്ച് രംഗത്തെത്തി. തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
സംഘട്ടനത്തില്‍ പരിക്കേറ്റ ക്ലബ്ബ് പ്രവര്‍ത്തകരായ, ജസ്റ്റിന്‍, ജിന്‍സ്, എബ്രാഹം എന്നിവരെയും തണല്‍ പ്രവര്‍ത്തകരായ ബിനു, ജോര്‍ജ്ജ് എന്നിവരെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഊന്നുകല്‍ പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
സിപിഎം പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടി നീക്കം ചെയ്യണമെന്ന് അറിയിച്ച് സിപിഎം പ്രാദേശിക നേതൃത്വത്തിനും, പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ക്ലബ്ബ് പ്രവര്‍ത്തകര്‍ക്കും പോലിസ് നോട്ടിസ് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it