സിപിഎം കേരള പഠനകോണ്‍ഗ്രസ്  9, 10 തിയ്യതികളില്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സിപിഎം സംഘടിപ്പിക്കുന്ന കേരള പഠനകോണ്‍ഗ്രസ് ഈ മാസം ഒമ്പത്, 10 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കും. പ്രഫഷനലുകള്‍, പണ്ഡിതര്‍, മാനേജ്‌മെന്റ് വിദഗ്ധര്‍, രാഷ്ട്രീയ, ബഹുജനസംഘടനാ നേതാക്കള്‍, ജനപ്രതിനിധികള്‍ പങ്കെടുക്കും. ഒമ്പതിന് രാവിലെ എകെജി ഹാളില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പഠനകോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുമെന്ന് സിപിഎം പി ബി അംഗം പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പി ബി അംഗം പ്രകാശ് കാരാട്ടാണ് സമാപന സംഗമത്തിന്റെ ഉദ്ഘാടകന്‍. 51 സമാന്തര സെഷനുകളിലായി അഞ്ഞൂറിലേറെ വിദഗ്ധരും പങ്കാളികളാവും. 30,000ഓളം പ്രതിനിധികളാണ് കേരള പഠനകോണ്‍ഗ്രസ്സിലെത്തുക. വ്യവസായം, കൃഷി, തൊഴില്‍, ഭൂപ്രശ്‌നം, മാധ്യമം, സാമൂഹിക സുരക്ഷ, ദലിത്-ആദിവാസി വിഷയങ്ങള്‍, സ്ത്രീകളുടെ പാര്‍ശ്വവല്‍കരണം, ലിംഗ നീതി, ട്രാന്‍സ്‌ജെന്‍ഡര്‍, സാന്ത്വന ചികില്‍സ തുടങ്ങി സമസ്ത മേഖലകളിലെ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചക്കുവരും. കൃഷി അനുബന്ധ മേഖലകളില്‍ ആറ് സെഷനുകളും വ്യവസായവുമായി ബന്ധപ്പെട്ട അഞ്ച് സെഷനുകളുമുണ്ടാവും. ഭാഷ, സംസ്‌കാരം, മലയാളം കംപ്യൂട്ടിങ്, മാലിന്യ സംസ്‌കരണം, പ്രവാസി ക്ഷേമം, സ്‌പോര്‍ട്‌സ് എന്നീ സെഷനുകളും നടക്കും.
ഉദ്ഘാടനസമ്മേളനത്തിനു ശേഷം ഇന്ത്യക്ക് ഇടതുപക്ഷ ബദല്‍ എന്ന വിഷയത്തില്‍ സിംപോസിയം നടക്കും. മറ്റ് അഞ്ചുവിഷയങ്ങളിലും സിംപോസിയങ്ങളുണ്ട്. ഭിന്നലിംഗനയം സംബന്ധിച്ച പ്രത്യേക ചര്‍ച്ചയുണ്ട്. കാലാവസ്ഥാ വ്യതിയാനം, നെറ്റ് ന്യൂട്രാലിറ്റി എന്നിവയിന്മേലുള്ള രണ്ട് ഓപ്പണ്‍ ഹൗസുകളും സംഘടിപ്പിച്ചിട്ടുണ്ട്. കേരള വികസനം വലിയ പ്രതിസന്ധി നേരിടുകയാണെന്നും ഇതര സംസ്ഥാനങ്ങളുടെ വികസന മാതൃക അതേപടി പിന്തുടരുന്നതിന് കേരളത്തിന് പരിമിതികളുണ്ടെന്നും പിണറായി പറഞ്ഞു.
ജനസാന്ദ്രത, ഭൂമിയുടെ ദൗര്‍ലഭ്യം, ഭക്ഷ്യകാര്യത്തിലെ പരാശ്രയത്വം, വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, വിദേശ പണവരവിനെ ആശ്രയിച്ചുള്ള സമ്പദ്ഘടന തുടങ്ങി കേരളത്തിന് സവിശേഷതകള്‍ ഏറെയാണ്. ഇതെല്ലാം സമഗ്രമായി പഠിച്ച് പദ്ധതികള്‍ തയ്യാറാക്കി വികസന മാതൃകകള്‍ രൂപപ്പെടുത്തുകയാണ് പഠന കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് ഭരണം സംസ്ഥാനത്തെ വലിയ കടക്കെണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് കണ്‍സള്‍ട്ടന്റുമാരെ വച്ച് സൃഷ്ടിച്ച വികസന പരിപ്രേക്ഷ്യമല്ല കേരളത്തിന് വേണ്ടത്. ഇത്തരം നിയോലിബറല്‍ നയങ്ങള്‍ക്കെതിരേ ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്ന് ജനകീയ ബദല്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it