Flash News

സിപിഎം കേന്ദ്ര ഓഫിസിനുള്ളില്‍ ഭാരതീയ ഹിന്ദുസേനയുടെ ആക്രമണം ; യെച്ചൂരിക്ക് നേരെ കൈയേറ് റശ്രമം



ന്യൂഡല്‍ഹി: സിപിഎം ആസ്ഥാനമായ ഡല്‍ഹി എകെജി ഭവനില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റശ്രമം. ഭാരതീയ ഹിന്ദുസേന പ്രവര്‍ത്തകരാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എകെജി ഭവനില്‍ കടന്നുകയറി അതിക്രമം നടത്തിയത്. സംഭവത്തില്‍ ഹിന്ദുസേന പ്രവര്‍ത്തകരായ ഉപേന്ദ്ര കുമാര്‍, പവന്‍ കൗള്‍ എന്നിവര്‍ പിടിയിലായി. ഇവരെ പിന്നീട് ഡല്‍ഹി മന്ദിര്‍മാര്‍ഗ് പോലിസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം പത്രസമ്മേളനത്തിനായി യെച്ചൂരി എകെജി ഭവന്റെ ഒന്നാംനിലയിലെ ഹാളിലേക്കു പ്രവേശിക്കുമ്പോഴായിരുന്നു സംഭവം. ഹാളില്‍ മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഹാളിന്റെ വാതിലിനരികില്‍ യെച്ചൂരി എത്തിയതും പിന്നില്‍നിന്ന് രണ്ടുപേര്‍ സിപിഎം മുര്‍ദാബാദ്, ഭാരതീയ സേന സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കി പാഞ്ഞടുത്തു. ഇവരെ യെച്ചൂരിക്കൊപ്പം ഉണ്ടായിരുന്നവര്‍ പിടിച്ചുമാറ്റി. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും യെച്ചൂരി വീഴാന്‍പോയെങ്കിലും  ഭാവഭേദമൊന്നുമില്ലാതെ പത്രസമ്മേളനം നടക്കുന്ന ഹാളിനകത്തേക്കു കയറി. എകെജി ഭവനു മുന്നിലുണ്ടായിരുന്ന പോലിസുകാര്‍ പാഞ്ഞെത്തി അക്രമികളെ പിടിച്ചുകൊണ്ടുപോയി. സിപിഎമ്മിന്റെ രാജ്യവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തങ്ങളെത്തിയതെന്ന് അക്രമികള്‍ പറഞ്ഞു. ബഹളംകേട്ട് മുകളിലെ നിലയിലുണ്ടായിരുന്ന എസ് രാമചന്ദ്രന്‍ പിള്ള, വൃന്ദ കാരാട്ട്, പ്രകാശ് കാരാട്ട് തുടങ്ങിയ നേതാക്കള്‍ ഓടിയെത്തി. ദേഹോപദ്രവം വല്ലതുമേറ്റോ എന്ന ചോദ്യത്തോട് ചിരിച്ചുകൊണ്ട്, പേടിക്കാനൊന്നുമില്ലെന്ന് യെച്ചൂരി മറുപടി നല്‍കി. സാധാരണ പോലെ അദ്ദേഹം പത്രസമ്മേളനം ആരംഭിക്കുകയും ചെയ്തു. അക്രമത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, ഇതെല്ലാം മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമാണെന്നു മാത്രമാണ് യെച്ചൂരി മറുപടി നല്‍കിയത്. എന്നാല്‍, സംഭവത്തിനെതിരേ അദ്ദേഹം പിന്നീട് ട്വിറ്ററില്‍ രൂക്ഷമായി പ്രതികരിച്ചു. സംഘപരിവാരത്തിന്റെ അക്രമത്തിനു പിന്നില്‍ തലകുനിക്കില്ല. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ വിജയം നേടുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.  സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ കരസേനാ മേധാവിയെ വിമര്‍ശിച്ചു ലേഖനം വന്നിരുന്നു. സംഘപരിവാര സംഘടനകള്‍ ഒന്നടങ്കം ഇതിനെ അപലപിച്ചു രംഗത്തെത്തിയിരുന്നു. പോളിറ്റ് ബ്യൂറോ നടക്കുന്നതിനാല്‍ എകെജി ഭവനു മുന്നില്‍ പോലിസ്, കേന്ദ്ര സേനകളുടെ ബാരിക്കേഡുകള്‍ ഉള്‍പ്പെടെ കനത്ത സുരക്ഷാവലയമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it