സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസിന് നേരെ ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസായ എകെജി സെന്ററിന് നേരെ ആക്രമണം. ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് 3.40ഓടെയാണു സംഭവം. സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ സമയം ഓഫിസിലുണ്ടായിരുന്നു.
ഓഫിസിനുനേരെ ഓടിയടുത്ത അഞ്ചംഗസംഘം പ്രധാന ബോര്‍ഡില്‍ പാകിസ്താന്‍ മൂര്‍ദാബാദ് എന്നും പാകിസ്താന്റെ ഇന്ത്യയിലെ ഓഫിസ് എന്നും കരിഓയിലില്‍ എഴുതിവച്ചു. സിപിഎമ്മിനെതിരേയും മുദ്രാവാക്യം മുഴക്കി. ബഹളം കേട്ട് ഓഫിസിലുണ്ടായിരുന്ന ഏതാനും പ്രവര്‍ത്തകര്‍ പുറത്തിറങ്ങി അക്രമികളില്‍ ഒരാളെ പിടികൂടി. ജെഎന്‍യുവിലും മറ്റും വിദ്യാര്‍ഥികള്‍ പാക് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നും ഇതിന് യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയതെന്നും ഇയാള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇന്ത്യക്കാരനെന്ന നിലയിലാണു പ്രതിഷേധം. ഒരു സംഘടനയുമായും തനിക്കു ബന്ധമില്ലെന്നും ഇയാള്‍ വ്യക്തമാക്കി. എന്നാല്‍ ആം ആദ്മി സേന എന്നെഴുതിയ തൊപ്പി അക്രമികള്‍ ധരിച്ചിട്ടുണ്ടായിരുന്നു.
സംഭവത്തിനു പിന്നില്‍ സംഘപരിവാരമാണെന്ന് സീതാറം യെച്ചൂരി പറഞ്ഞു. ജെഎന്‍യുവില്‍ അടക്കം ശരിയായ നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇതിനെ അക്രമംകൊണ്ട് അടിച്ചൊതുക്കാമെന്ന് ആരും കരുതേണ്ട. ഗാന്ധിജിയെ കൊന്നവരുടെ പിന്‍മുറക്കാരാണു തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ വരുന്നത്. ഇത്തരക്കാരുടെ സര്‍ട്ടിഫിക്കറ്റ് സിപിഎമ്മിന് ആവശ്യമില്ല. സംഭവത്തെ രാഷ്ട്രീയമായി നേരിടുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it