kannur local

സിപിഎം കുടുംബസര്‍വെ വിവാദത്തില്‍: പ്രതിഷേധം ശക്തം

കണ്ണൂര്‍: ജില്ലയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമഗ്ര കുടുംബ സര്‍വേ വിവാദത്തില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാനാവശ്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണു സര്‍വേ.
ഓരോ കുടുംബാംഗങ്ങളുടെയും വ്യക്തിജീവിതം മുതല്‍ സാമൂഹിക ജീവിതം വരെ അന്വേഷിച്ച് രേഖപ്പെടുത്തുന്ന സ ര്‍വേക്കെതിരേ വിവിധ കോണുകളില്‍നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. പ്രത്യേകം തയ്യാറാക്കിയ ഫോറത്തില്‍ കുടുംബവിവരങ്ങള്‍ സമഗ്രമായി ശേഖരിക്കുന്നുണ്ട്. ജാതിയും മതവും പ്രത്യേകം രേഖപ്പെടുത്തുന്നു. സാമുദായിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ, സ്ഥാനമുണ്ടോ, സമുദായവുമായി ബന്ധപ്പെട്ട ഏതെങ്കിലും കമ്മിറ്റിയില്‍ ഭാരവാഹിത്വമുണ്ടോ തുടങ്ങിയ ചോദ്യവുമുണ്ട്.
വീട്ടിലെ ഓരോരുത്തരുടേയും രാഷ്ട്രീയബന്ധങ്ങള്‍, പൊതുപ്രവര്‍ത്തനം, സാമൂഹിക ഇടപെടലുകള്‍ എന്നിവ ശേഖരിക്കുന്നുണ്ട്. കൂടാതെ, തൊഴില്‍, ജോലി ചെയ്യുന്ന സ്ഥാപനം, സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ എന്നിവയും വിശദമായി അന്വേഷിക്കുന്നു. അതിനിടെ, വിവാദ സര്‍വേക്കെതിരേ മുസ്‌ലിം ലീഗ് രംഗത്തെത്തി.
സിപിഎം നടത്തുന്ന സമഗ്ര കുടുംബ സര്‍വേ സ്വകാര്യതയ്ക്കു നേരെയുള്ള കടന്നാക്രമണമാണെന്നും പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരിയും പ്രസ്താവിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും സര്‍വേ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് രഹസ്യങ്ങള്‍ ചോര്‍ത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രവാസികളുടെ വിവരശേഖരണം നടത്തി അവരുടെ വോട്ടുകള്‍ കൂട്ടത്തോടെ തള്ളിക്കുന്നതിനുള്ള ഗൂഡശ്രമവും ഇതിനു പിന്നിലുണ്ട്്.
കുടുംബങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിന് സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഉണ്ടെന്നിരിക്കെ ഇക്കാര്യത്തില്‍ സിപിഎം കാട്ടുന്ന അമിത താല്‍പര്യത്തിന്റെ പിന്നിലുള്ള രാഷ്ട്രീയ അജണ്ട ജനങ്ങള്‍ തിരിച്ചറിയണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it