സിപിഎം കരടു റിപോര്‍ട്ടില്‍ വര്‍ഗ ബഹുജന സംഘടനകള്‍ക്ക് രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ കരടു റിപോര്‍ട്ടില്‍ വര്‍ഗ ബഹുജന സംഘടനകള്‍ക്കെതിരേ രൂക്ഷവിമര്‍ശനം. ജനാധിപത്യ മഹിളാ അസോസിയേഷന്‍, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകള്‍ക്കെതിരേയാണു വിമര്‍ശനമുള്ളത്. സ്വതന്ത്ര ചിന്താഗതിക്കാരായ യുവജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ ഡിവൈഎഫ്‌ഐ പരാജയപ്പെട്ടതായും എസ്എഫ്‌ഐ കാംപസുകളിലെ ആള്‍ക്കൂട്ടം മാത്രമായി മാറിയെന്നും റിപോര്‍ട്ട് വിമര്‍ശിക്കുന്നു. പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്ളവരാണു നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷനിലെ ബഹുഭൂരിപക്ഷം അംഗങ്ങളും. പുറത്തുള്ളവരെ സംഘടനയിലേക്ക് എത്തിക്കുന്നതിന് മഹിളാ അസോസിയേഷന് കഴിയുന്നില്ല. എസ്എഫ്‌ഐ ഏറ്റെടുക്കുന്ന സമരങ്ങള്‍ പലതും സങ്കുചിതമാവുന്നു. സോഷ്യല്‍ മീഡിയയില്‍ മാത്രം സംഘടനാ പ്രവര്‍ത്തനം നടത്തുകയാണു പലരുമെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. വിഭാഗീയത പാര്‍ട്ടി നേതൃതലങ്ങളില്‍ ഇല്ലെന്നു സെക്രട്ടേറിയറ്റ് വിലയിരുത്തി. ജില്ലാ സമ്മേളനങ്ങളിലെ പൊതുചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളില്‍ നിന്നും നേതൃത്വത്തിന് അതുമനസ്സിലായിട്ടുണ്ടെന്നും റിപോര്‍ട്ട് പറയുന്നു. കരട് റിപോര്‍ട്ടിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. 13, 14 തിയ്യതികളില്‍ നടക്കുന്ന സംസ്ഥാന സമിതിയില്‍ റിപോര്‍ട്ട് അംഗീകാരത്തിനായി സമര്‍പ്പിക്കും.
Next Story

RELATED STORIES

Share it