malappuram local

സിപിഎം എടപ്പാള്‍ ഏരിയാ സമ്മേളനത്തില്‍ വെട്ടിനിരത്തല്‍: രണ്ടുപേരെ വോട്ടിങ്ങിലൂടെ പുറത്താക്കി

എടപ്പാള്‍: സിപിഎം എടപ്പാള്‍ ഏരിയ സമ്മേളനത്തില്‍ നിലവിലെ ഏരിയ സെക്രട്ടറിയുള്‍പ്പെടെ രണ്ടു പേരെ വോട്ടിങിലൂടെ പുറത്താക്കികൊണ്ട് സമ്മേളന പ്രതിനിധികള്‍ പുതിയ വിഭാഗീയതക്ക് തുടക്കം കുറിച്ചു. നിലവിലെ ഏരിയാ സെക്രട്ടറി സി രാമകൃഷ്ണനേയും തവനൂര്‍ ലോക്കല്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഏരിയാ കമ്മിറ്റിയിലുണ്ടായിരുന്ന കെ പി വേണുവിനേയുമാണ് വാശിയേറിയ തിരഞ്ഞെടുപ്പില്‍ പ്രതിനിധികള്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തിത്. ഔദ്യോഗിക നേതൃത്വം 17 അംഗങ്ങള്‍ ഉള്‍കൊള്ളുന്ന പാനലാണ് സമ്മേളന പ്രതിനിധികള്‍ക്ക് മുന്‍പാകെ അവതരിപ്പിച്ചത്. ഈ പാനല്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത സമ്മേളന പ്രതിനിധികള്‍ എടപ്പാള്‍ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും സിഐടിയു മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന ഇ ബാലകൃഷ്ണന്റേയും തവനൂരില്‍ നിന്നും ശ്രീജിത്തിനേയും കൂടി പേരുകള്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സമ്മേളനത്തില്‍ വോട്ടിങ് നടന്നത്. ഈ വോട്ടെടുപ്പിലൂടെയാണ് ഔദ്യോഗിക പാനലിലെ സി രാമകൃഷ്ണനും കെ പി വേണുവും പരാജയപ്പെട്ടത്. പകരം ഇ ബാലകൃഷ്ണനും ശ്രീജിത്തും വിജയിക്കുകയും ചെയ്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 17 അംഗ ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നാണ് ഏരിയ സെക്രട്ടറിയായി എം മുസ്തഫയെ തിരഞ്ഞെടുത്തത്. എടപ്പാള്‍ ഏരിയയിലെ പാര്‍ട്ടിക്കുള്ളില്‍ വര്‍ഷങ്ങളായി ഔദ്യോഗിക നേതൃത്വത്തിനെതിരെ സിഐടിയു വിഭാഗം രംഗത്തുണ്ടായിരുന്നു. കമ്മിറ്റിയിലേക്ക് മത്സരിച്ച ഇരുവരും വിജയിച്ചതോടെ നിലവിലെ പാര്‍ട്ടിക്കുള്ളില്‍ പുതിയൊരു വിഭാഗീയതയാണു രൂപം കൊള്ളുന്നത്. നിലവിലെ ഏരിയ സെക്രട്ടറിയെ കമ്മിറ്റിയില്‍ നിന്നും വോട്ടിങിലൂടെ പരാജയപ്പെടുത്തിയ സംഭവം പാര്‍ട്ടി ചരിത്രത്തില്‍ ഇതാദ്യമാണ്. സി രാമകൃഷ്ണനെ പരാജയപ്പെടുത്തുന്നതിനായി ഒരു വിഭാഗം നേതാക്കള്‍ ബോധ പൂര്‍വമായ ഇടപെടല്‍ നടത്തിയെന്നാണു പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. ഏരിയ സെക്രട്ടറി രാമകൃഷ്ണന്‍ പരാജയപ്പെട്ട സംഭവം അതീവ ഗൗരവമായാണ് പാര്‍ട്ടി നേതൃത്വം കാണുന്നതെന്നും ഇത് സംബന്ധിച്ച അന്വേഷണം പാര്‍ട്ടി പരിശോധിക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it