thiruvananthapuram local

സിപിഎം ഉന്നതരുടെ പങ്ക് അന്വേഷിക്കണം: യൂത്ത് കോണ്‍ഗ്രസ്

പാലോട്: ബയോമെഡിക്കല്‍ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാരംഭഘട്ട അനുമതികള്‍ക്കായുള്ള നീക്കം സിപിഎമ്മിന്റെ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് പദ്ധതിക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കലക്ടര്‍ വിളിച്ചു ചേര്‍ത്ത ഹിയറിങില്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ചവര്‍ പദ്ധതിക്ക് അനുകൂലമായ നിലപാടാണ് കൈകൊണ്ടത്. പദ്ധതി പ്രദേശത്തെ ജനങ്ങളെ അറിയിക്കാതെ പ്ലാന്റിന് അനുകൂലമായി നിലപാട് കൈകൊണ്ടതിനുള്ള പ്രേരണക്ക് പിന്നിലുള്ള സാമ്പത്തിക അഴിമതിയെ കുറിച്ച് സമഗ്ര അന്വേഷണം വേണം. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നു പഞ്ചായത്തിലേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട ഹിയറിങിനു വേണ്ടിയുള്ള കത്ത് കൈപറ്റുകയും പഞ്ചായത്ത് കമ്മിറ്റിയില്‍ അറിയിക്കാതെ പൂഴ്ത്തിവച്ചതിലും ദുരൂഹതയുണ്ട്. തുടക്കത്തില്‍ പ്ലാന്റിന് അനുകൂലമായി നിലകൊള്ളുകയും പൊതുജനരോഷം രൂക്ഷമായപ്പോള്‍ പദ്ധതിക്കെതിരായി പ്രമേയം അവതരിപ്പിച്ച ഭരണസമിതി നിലപാട് ഇരട്ടത്താപ്പാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പ്രാരംഭഘട്ട അനുമതികളുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ കള്ളക്കളിയും സാമ്പത്തിക അഴിമതിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് തിങ്കളാഴ്ച രാവിലെ 10ന് യൂത്ത് കോണ്‍ഗ്രസ് വാമനപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. നേതാക്കളായ യുവജനക്ഷേമ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ പി എസ് പ്രശാന്ത്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് ഷിബു, വര്‍ക്കല ഭാരവാഹികളായ ലാല്‍റോഷന്‍, സുധീര്‍ഷാ, അരുണ്‍ രാജന്‍, ഹാഷിം റഷീദ്, പീരുമുഹമ്മദ്, അനിലേഷ് ഗോപിനാഥ്, രാജ്കുമാര്‍, സൈഫുദ്ദീന്‍, അന്‍ഷാദ്, ഷഹനാസ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it