kasaragod local

സിപിഎം ഉടമസ്ഥതയിലുള്ള കോളജില്‍ കൂട്ട ഒഴിഞ്ഞുപോക്ക്

ബദിയടുക്ക: സിപിഎം ജില്ലാസെക്രട്ടേറിയറ്റ് അംഗവും സിഐടിയു നേതാവും മുന്‍ എംഎല്‍എയുമായ പി രാഘവന്‍ ചെയര്‍മാനായ മുന്നാട് കോഓപറേറ്റീവ് എജ്യുക്കേഷന്‍ സൊസൈറ്റിക്ക് കീഴിലുള്ള ബദിയടുക്ക ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ മുഴുവന്‍ കുട്ടികളും ജീവനക്കാരും അധ്യാപകരും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കോളജില്‍ചേര്‍ന്നത് വിവാദമാകുന്നു. 2006ലാണ് ബദിയടുക്ക-പുത്തൂര്‍ റോഡില്‍ മുന്നാട് കോഓപറേറ്റീവ് എജ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ആരംഭിച്ചത്.
കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ അഫിലിയേഷന്‍ സ്ഥാപനത്തിനുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ശമ്പളം വര്‍ധിപ്പിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ശമ്പളം വര്‍ധിപ്പിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. തുച്ഛമായ വേതനമാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. തൊഴിലാളി നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ജീവനക്കാര്‍ക്ക് പിഎഫ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല.
ഇതേ തുടര്‍ന്നാണ് കോളജിലെ 482 വിദ്യാര്‍ഥികളുമായി 24 അധ്യാപക-അനധ്യാപക ജീവനക്കാര്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കുമ്പഡാജെ ഉബ്രങ്കള ക്രിയേറ്റീവ് എജ്യുക്കേഷന്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ടത്. വര്‍ഷങ്ങളായി സൊസൈറ്റി രൂപീകരിച്ചിരുന്നെങ്കിലും ഇവര്‍ക്ക് കോളജ് ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിദ്യാര്‍ഥികളേയും ജീവനക്കാരേയും ആവശ്യത്തിന് ലഭിച്ചതോടെ ആര്‍എസ്എസ് നിയന്ത്രണത്തില്‍ സൊസൈറ്റിയുടെ കീഴില്‍ ബദിയടുക്കയില്‍ കോളജ് ആരംഭിക്കുകയും ചെയ്തു.
ഇതിന് അധ്യാപകരാണ് തന്ത്രപരമായ നീക്കം നടത്തിയത്. ഒരു കെട്ടിടത്തിലെ മൂന്ന് മുറികളിലായിരുന്നു കോളജ് പ്രവര്‍ത്തിച്ചിരുന്നത്. സിപിഎം നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ആര്‍എസ്എസ് കൈക്കലാക്കിയത് പാര്‍ട്ടിയില്‍ വിവാദത്തിന് കാരണമായിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സൊസൈറ്റി ചെയര്‍മാനോട് ചോദിക്കണമെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്റെ പ്രതികരണം. നേരത്തെ പെര്‍ളയില്‍ മുസ്്‌ലിംലീഗ് നേതാവ് ചെര്‍ക്കളം അബ്ദുല്ല ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്ന നളന്ദ കോളജ് കര്‍ണാടക പുത്തൂരിലെ ആര്‍എസ്എസ് ട്രസ്റ്റിന്റെ കീഴിലുള്ള വിവേകാനന്ദ കോളജിന് വില്‍പന നടത്തിയത് ലീഗിലും വിവാദമായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ കീഴിലല്ല കോളജ് എന്ന കാരണം പറഞ്ഞ് അന്ന് ലീഗ് വിവാദത്തില്‍ നിന്ന് തടിയൂരുകയായിരുന്നു.
കേരള-കര്‍ണാടക അതിര്‍ത്തി മേഖലകളില്‍ കര്‍ണാടകയില്‍ നിന്നുള്ള ആര്‍എസ്എസ് നേതാക്കളുടെ ഒത്താശയോടെ നിരവധി സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് കേരളത്തിലേക്ക് കടക്കാന്‍ പുതിയ വാതായനങ്ങള്‍ തുറക്കുകയാണ് സിപിഎം. ഇത് പാര്‍ട്ടിയില്‍ ചര്‍ച്ചക്കിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it