malappuram local

സിപിഎം ഈ മാസം 30 വരെ സമയം ചോദിച്ചു

എടക്കര: പോത്തുകല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പരിഹാരം കാണാന്‍ സിപിഎം നേതൃത്വം ഈ മാസം 30 വരെ സമയം ചോദിച്ചു. പോത്തുകല്ലില്‍ നടന്ന ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ട് സിപിഎമ്മിന് ഭരണം കിട്ടിയത്.
ഇതേത്തുടര്‍ന്ന് മുമ്പ്് കോണ്‍ഗ്രസ് അംഗമായിരുന്ന സി സുഭാഷിനെ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റായും, വത്സല അരവിന്ദനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തിരുന്നു. സിപിഎമ്മിന്റെ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന അംഗവും വെളുമ്പിയംപാടം ബ്രാഞ്ച് സെക്രട്ടറിയും പേത്തുകല്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ സുലൈമാന്‍ ഹാജി തല്‍സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി, ഏരിയാ സെക്രട്ടറി, നിലമ്പൂര്‍ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവരും ജില്ലയിലെ ഏറ്റവും മുതിര്‍ന്ന അംഗവും സുലൈമാന്‍ ഹാജിയെ നേരില്‍ കണ്ട് ചര്‍ച്ചകള്‍ നടത്തി. രണ്ടുമാസത്തിനുള്ളില്‍ നിലവിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാമെന്ന് നേതൃത്വം സുലൈമാന്‍ ഹാജിക്ക് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍, ഈ തീരുമാനത്തോട് യോജിക്കാന്‍ സുലൈമാന്‍ ഹാജി തയ്യാറായില്ല. ഈ മാസം 30നുള്ളില്‍ തീരുമാനം അറിയിക്കാനാണ് സുലൈമാന്‍ ഹാജി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ബ്രാഞ്ച്, ലോക്കല്‍, ഏരിയാ, ജില്ലാ കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ തീരുമാനം എടുക്കാനാവു എന്നാണ് നേതൃത്വത്തിന്റെ നിലപാട്. അതിനുള്ള സമയപരിധിയായാണ് 30വരെ നീട്ടിയത്.
നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് സി സുഭാഷിനെയും, വൈസ് പ്രസിഡന്റ് വത്സല അരവിന്ദനെയും തല്‍സ്ഥാനങ്ങളില്‍നിന്ന് മാറ്റണമെന്നും, പകരം മുതുകുളം വാര്‍ഡില്‍ നിന്നു വിജയിച്ച ജോസഫ് ജോണിനെ പ്രസിഡന്റാക്കണമെന്നുമാണ് സുലൈമാന്‍ ഹാജി നേതൃത്വത്തത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗ്രാമപ്പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുമെന്നാണ് ഹാജി പറയുന്നത്.
അങ്ങനെ വന്നാല്‍ പഞ്ചായത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി വരും. മൂന്നുവര്‍ഷം മുമ്പ് മാത്രം പാര്‍ട്ടിയില്‍ വന്ന അംഗത്തിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കുകയും കഴിഞ്ഞ 43 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തന്നെ അവഗണിക്കുകയും ചെയ്തതായാണ് സുലൈമാന്‍ ഹാജിയുടെ പ്രധാന പരാതി.
Next Story

RELATED STORIES

Share it