kozhikode local

സിപിഎം-ആര്‍എംപിഐ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്‌

വടകര: ഓര്‍ക്കാട്ടേരിയില്‍ സിപിഎം-ആര്‍എംപിഐ സംഘര്‍ഷത്തില്‍ 4 പേര്‍ക്ക് പരിക്ക്. റവല്യൂഷണറി യൂത്ത് ഒഞ്ചിയം മേഖലാ സെക്രട്ടറി പിഎം അഖിത്ത്, സിപിഎം പ്രവര്‍ത്തകരായ ഓര്‍ക്കാട്ടേരി സ്വദേശി മിഥുന്‍, എളങ്ങോളി സ്വദേശി അര്‍ജുന്‍, ഡിവൈഎഫ്‌ഐ കുരുക്കിലാട് മേഖലാ ട്രഷറര്‍ സിബില്‍ ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ഓര്‍ക്കാട്ടേരി ചന്തയില്‍ നിന്ന് പ്രദര്‍ശനങ്ങള്‍ കണ്ടു വരുന്ന തിനിടയിലാണ് ഓര്‍ക്കാട്ടേരി ടൗണില്‍ വച്ച് റവല്യൂഷണറി യൂത്ത് ഒഞ്ചിയം മേഘലാ സെക്രട്ടറി പിഎം അഖിത്തിന് അക്രമമേറ്റത്. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത്. അക്രമത്തില്‍ കണ്ണിന് സാരമായ പരിക്കേറ്റതിനെ തുടര്‍ന്ന് അഖിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷത്തിന്റെ പാശ്ചാത്തലത്തില്‍ സിപിഎം-ആര്‍എംപി ഓഫിസുകള്‍ക്ക് നേരെ അക്രമവും, ഇരുപാര്‍ട്ടികളുടെയും പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലിസ് കേസെടുത്തു. യാതൊരു വിധ പ്രകോപനവും ഇല്ലാതെ ഓര്‍ക്കാട്ടേരി ചന്തയും, ഉല്‍സവങ്ങളും സമാധാനപരമായി പോകുന്നതിനിടയിലാണ് സിപിഎം ആസൂത്രിതമായി അക്രമം നടത്തിയതെന്ന് ആര്‍എംപി നേതാക്കള്‍ പ്രസ്ഥാവനയിലൂടെ ആരോപിച്ചു. അക്രമം നടക്കുമ്പോള്‍ പോലിസ് സ്ഥലത്തുണ്ടെന്നും പോലിസ് ഏകപക്ഷീയമായ സമീപനം സ്വീകരിക്കുന്നതാണ് സഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it