wayanad local

സിപിഎം ആരോപണം ഭരണപരാജയം മറച്ചുവയ്ക്കാനെന്ന്

മാനന്തവാടി:  തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് സിഡിഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം ആരോപണം അടിസ്ഥാന രഹിതവും സ്വന്തം ഭരണപരാജയം മറച്ച് വയ്ക്കുന്നതിന് വേണ്ടിയാണെന്നും തവിഞ്ഞാല്‍ പഞ്ചായത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സിഡിഎസ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ്-എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് 11 വീതം തുല്ല്യ വോട്ടുകള്‍ ലഭിക്കുകയും തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലാണ് രണ്ട് സ്ഥാനങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. ആ സമയത്തൊന്നും ബിജെപി ബന്ധം ആരോപിക്കാതിരുന്ന സിപിഎം തിരഞ്ഞടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് ആരോപണം ഉന്നയിക്കുന്നത്. പന്ത്രണ്ടാം വാര്‍ഡ് മെംബര്‍ സിന്ധു സന്തോഷിനെതിരെ എക്‌സിക്യുട്ടീവ് സ്ഥാനത്തേക്ക് ജയലക്ഷമി മല്‍സരിക്കുകയും ജയിക്കുകയും ചെയ്തപ്പോഴാണ് ജയിച്ച് വന്ന എക്‌സിക്യുട്ടീവ് അംഗങ്ങള്‍ കൂടി വൈസ് ചെയര്‍പെഴ്‌സണ്‍ സ്ഥാനത്തേക്ക് ജയലക്ഷ്മിയെ നിര്‍ദേശിച്ചത് ഇതില്‍ പാര്‍ട്ടി ഇടപ്പെട്ടിട്ടില്ല. പതിനെട്ടാം വാര്‍ഡിലെ എക്‌സിക്യുട്ടീവ് അംഗം കഴിഞ്ഞ രണ്ട് തവണയും ഉഷ നാരായണന്‍ ഗ്രാമപ്പഞ്ചായത്തംഗമായിരുന്നപ്പോള്‍ എക്‌സിക്യുട്ടിവ് അംഗമായിരുന്നു. അന്ന്  അവര്‍ക്കെതിരെ സിപിഎം, ബിജെപി ബന്ധം ആരോപിക്കാത്തത് എന്ത് കൊണ്ടാണെന്ന് സിപിഎം ഭരണ സമിതി മറുപടി പറയണം. സ്വന്തം അണികളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ വില കുറഞ്ഞ ആരോപണം ഉന്നയിക്കുന്നത്. സിഡിഎസ് തിരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു ഏരിയാ കമ്മിറ്റി അംഗം പലതവണ ബിജെപി അംഗത്തെ ഫോണില്‍ വിളിക്കുകയും തങ്ങളെ സഹായിക്കണം എന്ന് ആവശ്യപ്പെടുകയും ജില്ലാ പ്രസിഡണ്ടിനെ വിളിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തത് എന്തിന് വേണ്ടി ആയിരുന്നു എന്നും സിപിഎം മറുപടി പറയണം. ആറു വര്‍ഷമായി തുടരുന്ന തവിഞ്ഞാലിലെ റോസമ്മ ബേബി ചെയര്‍പേഴ്‌സണായ സി ഡി എസ് സംസ്ഥാനത്തെ മികച്ച സി ഡി എസ്സില്‍ ഒന്നായിരുന്നു. ആ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഈ കഴിഞ്ഞ തിരഞ്ഞെടുപ്പ്. എല്ലാ മേഖലകളിലും പരാജയപ്പെട്ട സി പി എം ഭരണ സമിതി അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പുകമറ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും ഇത് തവിഞ്ഞാലിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും നേതാക്കള്‍ പറഞ്ഞു. എം ജി ബിജു, ജോസ് കൈനികുന്നേല്‍, എം ജി ബാബു, ജോസ് പാറക്കല്‍, വി കെ ശശികുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it