malappuram local

സിപിഎം ആരോപണം ദുരുദ്ദേശ്യപരം: ജമാഅത്തെ ഇസ്‌ലാമി

മലപ്പുറം: സാമൂഹിക മാധ്യമ ഹര്‍ത്താലിന്റെ മറവില്‍ താനൂരിലും പരിസരങ്ങളിലും അടച്ചിട്ട കടകളടക്കം അക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തതിന്റെ ഉത്തരവാദിത്വം ജമാഅത്തെ ഇസ്‌ലാമിയുടെ തലയില്‍ കെട്ടിവെക്കാനുള്ള സിപിഎം തന്ത്രം പ്രബുദ്ധ ജനതയുടെ മുമ്പില്‍ വിലപ്പോവുന്നതല്ലെന്നും ദുരുദ്ദേശ്യപരമാണെന്നും ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
ജില്ലയുടെ സാമുദായികാന്തരീക്ഷം മതരാഷ്ട്രീയ താല്‍പര്യങ്ങളാല്‍ വിഷലിപ്തമാക്കപ്പെടുമെന്ന് തോന്നിയ സന്ദര്‍ഭങ്ങളിലെല്ലാം ഉണര്‍ന്നു പ്രവര്‍ത്തിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. സംഘടനയുടെ ഒരു പ്രവര്‍ത്തകന്‍ പോലും വിധ്വംസക വര്‍ഗീയ കലാപ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കാന്‍ കഴിയുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. കൊലയുടെയും കലാപപരമ്പരകളുടെയും പാരമ്പര്യം മാത്രമുള്ള സിപിഎം ജമാഅത്തെ ഇസ്‌ലാമിയെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്.  ഹര്‍ത്താല്‍ അക്രമസംഭവങ്ങളില്‍ ഇപ്പോള്‍ അറസ്റ്റുചെയ്യപ്പെട്ടവരില്‍ പലരും സിപിഎം പ്രവര്‍ത്തകരോ അനുഭാവികളോ ആണെന്ന യാഥാര്‍ത്ഥ്യത്തെ ഇത്തരം വ്യാജ ആരോപണങ്ങളാല്‍ മറച്ചുവെക്കാന്‍ സിപിഎമ്മിനാവില്ല.  സിപിഎമ്മിന്റെ നാളുകളായി തുടരുന്ന മൃദുഹിന്ദുത്വ സമീപനം കൂടുതല്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ മാത്രമാണിത്.
പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് സ്ഥിതിഗതികള്‍ വഷളാക്കിയത് എന്നത് യാഥാര്‍ത്ഥ്യമാണ്. ജില്ലാ പ്രസിഡണ്ട് എം സി നസീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി എച്ച് ബഷീര്‍, ഹബീബ് ജഹാന്‍, മുസ്തഫാ ഹുസൈന്‍, ഡോ. അബ്ദുന്നാസര്‍ കുരിക്കള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it