Kollam Local

സിപിഎം അംഗത്വം എടുക്കാത്തതിനാല്‍ കുടുംബശ്രീ യൂനിറ്റിന് അഫിലിയേഷന്‍ നല്‍കുന്നില്ലെന്ന് പരാതി

കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തില്‍ സിപിഎം അംഗത്വം എടുക്കാത്തതിനാല്‍ കുടുംബശ്രീ യൂനിറ്റിന്  അഫിലിയേഷന്‍ തടഞ്ഞു വെച്ചിരിക്കുന്നതായി ആരോപിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. കുലശേഖരപുരം പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ പുതിയതായി രൂപീകരിച്ച പുലരി കുടുംബശ്രീയുടെ പ്രവര്‍ത്തകരാണ് പരാതിയുമായി കലക്ടറെ സമീപിച്ചിരിക്കുന്നത്. 2017 ജൂലൈ 19ന് ഇവരുടെ യൂനിറ്റിന് അഫിലിയേഷന്‍ ലഭിക്കുന്നതിനായി  അപേക്ഷ നല്‍കിയെന്നും മാസങ്ങള്‍ കഴിഞ്ഞിട്ടും അഫിലിയേഷന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാതെ വന്നപ്പോള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ എഡിഎസ് സെക്രട്ടറിയുടെ ഒപ്പും സീലും ഇല്ലാതെ  അഫിലിയേഷന്‍ നടത്താന്‍ കഴിയുകയില്ലയെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞതായും കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ഇവര്‍ പറയുന്നു. ഈ സംഭവത്തെ വാര്‍ഡ് മെംബര്‍ ഉഷ പഞ്ചായത്ത് സമിതിയില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്‌സണും നാലാം വാര്‍ഡിലെ എഡിഎസ് സെക്രട്ടറിയും കുടുംബശ്രീപ്രവര്‍ത്തകരെ സമീപിക്കുകയും സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് എഴുതി ഒപ്പിട്ടുവാങ്ങാന്‍ ശ്രമിച്ചു. ഇതിനായിട്ടുള്ള ചെലവിനുള്ള തുക തങ്ങളെ ഏല്‍പ്പിക്കാമെങ്കില്‍ അഫിലിയേഷന്‍ നടത്തി കൊടുക്കാമെന്ന് കുടുംബശ്രീ പ്രവര്‍ത്തകരോട് പറഞ്ഞെന്നും ഈ വ്യവസ്ഥകള്‍ അംഗീകരിക്കാതിരുന്നതിനാല്‍ കഴിഞ്ഞ ആറ് മാസക്കാലമായി അന്യായമായി തങ്ങളുടെ യൂനിറ്റിന്റെ അഫിലിയേഷന്‍ തടഞ്ഞുവെച്ച് പ്രവര്‍ത്തനത്തിന് തടസ്സം വരുത്തിയിരിക്കുകയാണെന്നും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരവാദപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയുടെയും ബന്ധപ്പെട്ട അധികാരികളുടെയും ഒത്താശയോടുകൂടി കുടുംബശ്രീയുടെ നടത്തിപ്പുകാര്‍ നടത്തുന്ന ഗുരുതരമായ അഴിമതിക്കും നിയമലംഘനത്തിനും എതിരായി ഓംബുഡ്‌സ്മാനും മനുഷ്യാവകാശ കമ്മീഷനും വനിതാകമ്മീഷനും പരാതി അയച്ചതായി പുലരി കുടുംബശ്രീയുടെ ഭാരവാഹികളായ രശ്മി, ചിത്ര, സിന്ധു, സുശീല, സബീന, രജനി എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it