wayanad local

സിന്ധു വയനാടിന്റെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍



മാനന്തവാടി: കേന്ദ്ര സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌ക്കാരം മക്കിയാട് സ്വദേശിനി സിന്ധുവിന്. മികച്ച സേവനപ്രവര്‍ത്തനത്തിനു നഴ്‌സുമാര്‍ക്കുള്ള കേന്ദ്രആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരമാണ് (50,000 രൂപ) മക്കിയാട് കാഞ്ഞിരങ്ങാട് നെല്ലിപ്പിള്ളില്‍ രാഘവന്‍- ഭാനുമതി ദമ്പതികളുടെ മകളും മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്റ്റാഫ് നഴ്‌സുമായ എന്‍ ആര്‍ സിന്ധുവിന് ലഭിച്ചത്. നെഴ്‌സസ് ദിനമായ മെയ് 12ന്  രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും സിന്ധു അവാര്‍ഡ് ഏറ്റുവാങ്ങി.പാവപ്പെട്ട അര്‍ബുദരോഗികളുടെ ചികിത്സാസഹായത്തിന് ധനസമാഹരണം ഉള്‍പ്പെടെയുള്ള കാരുണ്യപ്രവര്‍ത്തനങ്ങളുമായി മുന്‍പന്തിയിലുമുണ്ട് സിന്ധു. എംസിസിയിലെ പാലിയേറ്റീവ് വിഭാഗത്തിലാണ് സേവനമനുഷ്ഠിക്കുന്നത്. നഴ്‌സ്‌രോഗി ബന്ധത്തിനപ്പുറം കുടുംബപരമായ അടുപ്പവും സ്‌നേഹവും ഇവര്‍ രോഗിയുമായി പങ്കിടുന്നു. അന്തര്‍ദേശീയ-ദേശീയ സമ്മേളനങ്ങളില്‍ പാലിയേറ്റീവ് സംബന്ധമായ വിഷയങ്ങളില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ അതിന് തെളിവാണ്. ഇവര്‍ രൂപകല്‍പനചെയ്ത സ്‌റ്റോമബാഗ് ഇന്ത്യന്‍ ഓസ്റ്റമിഫോറം ദേശീയ സമ്മേളനത്തിലടക്കം അഭിനന്ദനവും അംഗീകാരവും നേടി. ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് കൗണ്‍സലിങ്ങിലൂടെ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കുന്നു. വിവിധ ജില്ലകളിലെ പാലിയേറ്റീവ് നഴ്‌സുമാര്‍ക്കുള്ള പരിശീലനം നല്‍കുന്നതും സിന്ധുവിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. പാലിയേറ്റീവ് ഇനീഷ്യേറ്റീവ് ഇന്‍ കണ്ണൂര്‍ (പിക്) ഗവേണിങ് ബോഡി അംഗം കൂടിയാണ്. സാന്ത്വനപരിചരണ പ്രസ്ഥാനമായ മാഹിയിലെ കാരുണ്യയുടെ പ്രവര്‍ത്തനത്തിലും സഹകരിക്കുന്നു. കാന്‍സര്‍രോഗികള്‍ക്കായി സിന്ധു പുറത്തിറക്കിയ കൈപ്പുസ്തകങ്ങള്‍ രോഗികള്‍ക്ക്  ഏറെ പ്രയോജനമാണ്. കണ്ണൂര്‍ ദേശാഭിമാനിയിലെ പി അജീന്ദ്രനാണ് ഭര്‍ത്താവ്. തലശ്ശേരി അമൃത വിദ്യാലയത്തിലെ ഹരിചന്ദന,ദേവനന്ദ എന്നിവര്‍ മക്കളാണ്.
Next Story

RELATED STORIES

Share it