malappuram local

സിനിമ വ്യത്യസ്ത സംസ്‌കാരങ്ങളെ അറിയാനുള്ള മാധ്യമം: നടന്‍ മധു

നിലമ്പൂര്‍: ലോകത്തെ വിവിധ വന്‍കരകളില്‍ താമസിക്കുന്ന മനുഷ്യരെയും അവരുടെ ജീവിതത്തെയും മനസ്സിലാക്കാന്‍ കഴിയുന്ന മാധ്യമമാണ് സിനിമയെന്ന് നടന്‍ പത്മശ്രീ മധു. സ്‌നേഹത്തോടെയും ആദരവോടെയും വേണം സിനിമയെ സമീപിക്കാനെന്നും അദ്ദേഹം പറഞ്ഞു.
ഐഎഫ്എഫ്‌കെ രണ്ടാമത് മേഖലാ നിലമ്പൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ മരണപ്പെട്ട ഫിറോസിന്റെ പേര് ചലച്ചിത്രോല്‍സവത്തിന്റെ വേദിക്കു നല്‍കണമെന്നും മധു ആവശ്യപ്പെട്ടു. ചലച്ചിത്ര പ്രവര്‍ത്തകരേക്കാള്‍ സിനിമയെക്കുറിച്ച് ആഴത്തില്‍ അറിവുള്ളവരാണ് ആസ്വാദകര്‍. വിനോദത്തിലുപരി വിജ്ഞാനം കൂടിയാണ് സിനിമ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി രാജീവ് നാഥ് ആധ്യക്ഷത വഹിച്ചു. മേഖലാ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ സ്ഥിരം വേദിയായി നിലമ്പൂര്‍ മാറണമെന്ന് രാജീവ്‌നാഥ് പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. ജോണ്‍പോളിന്റെ എംടി ഒരു അനുയാത്ര എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് മധു, പി വി ഗംഗാധരനു നല്‍കിയും സെബാസ്റ്റ്യന്‍ മാമാങ്കരയുടെ നാടകസമാഹാരം ഗുരോ സ്വസ്തി ഭാഗ്യ ലക്ഷ്മി, നിലമ്പൂര്‍ ആയിഷയ്ക്കു നല്‍കിയും പ്രകാശനം ചെയ്തു. ബോളിവുഡ് താരം രാജശ്രീ ദേശ്പാണ്ഡെ, മലയാള സിനിമാതാരങ്ങളായ അനുമോള്‍, പാര്‍വതി രതീഷ് അതിഥികളായിരുന്നു.
പി വി ഗംഗാധരന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, എന്‍ വേലുക്കുട്ടി എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം മലയാളകവിതയും റാപ്പ് മ്യൂസിക്കും കൂട്ടി ഇണക്കി ലീവ്‌സ് ഓഫ് ഗ്രാസ് പരിപാടിയും അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it