സിനിമാ സ്‌റ്റൈലില്‍ പോലിസ് പിടികൂടി

കൊച്ചിയില്‍ എത്തിച്ച മഹാരാജയ്ക്കു ജാമ്യംകൊച്ചി: കോടികളുടെ പലിശ ഇടപാട് കേസില്‍ കേരള പോ ലിസ് അതിസാഹസികമായി പിടികൂടിയ മഹാരാജ മഹാദേവന് ഒരു ദിവസത്തെ ജാമ്യം ലഭിച്ചു. ഞായറാഴ്ച തോപ്പുംപടി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ മഹാരാജയോട് ഇന്ന് വീണ്ടും ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ 100ലധികം പേര്‍ക്കായി 500 കോടിയോളം രൂപ പലിശയ്ക്കു മഹാരാജ നല്‍കിയിരുന്നതായാണു സൂചന. 10 കോടിയോളം രൂപ തിരികെനല്‍കാനുണ്ടെന്നാണ് ചോദ്യംചെയ്യലില്‍ മഹാരാജ വ്യക്തമാക്കിയതെന്നു ഡിസിപി പി സി സജീവന്‍ പറഞ്ഞു.
ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇപ്പോ ള്‍ ജാമ്യം അനുവദിച്ചത്. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചയാണു ചെന്നൈ വിരുഗുംപാക്കത്തെ വീട്ടില്‍ നിന്നു മഹാരാജയെ സിനിമാ സ്‌റ്റൈലില്‍ പോലിസ് പിടികൂടിയത്. ചെന്നൈയില്‍ വീട്ടിലെത്തുന്നതുവരെ തമിഴ്‌നാട് പോലിസിനെ വിവരം അറിയിച്ചിരുന്നില്ലെന്നും മഹാരാജയെ പിടികൂടുന്നതിന് മൂന്നു പ്രാവശ്യം ഓപറേഷന്‍ നടത്തിയിരുന്നുവെന്നും പള്ളുരുത്തി സിഐ കെ ജി അനീഷ് പറഞ്ഞു. കേരള പോലിസ് എത്തുമ്പോ ള്‍ പുറത്ത് പോവാനായി കാറിന് വേണ്ടി കാത്തിരിക്കുകയായിരുന്നു മഹാരാജ. വീട് വളഞ്ഞ് മഹാരാജയെ കസ്റ്റഡിയിലെടുത്തപ്പോഴേക്കും മഹാരാജയുടെ അനുയായികള്‍ തടയാനെത്തി. സംഘര്‍ഷം രൂക്ഷമാവുന്നതു കണ്ട് എസ്‌ഐ പ്രേംകുമാര്‍ ആകാശത്തേക്ക് വെടിവച്ചു. ഇതോടെ വിരണ്ടുപോയ അനുയായികള്‍ പിന്‍മാറി. ഇതേസമയം തമിഴ്‌നാട് പോലിസിന്റെ സഹായവും തേടി. അറസ്റ്റ് വാറന്റ് ഇവരെ കാണിച്ചു. തുടര്‍ന്ന് മഹാരാജിനെ കനത്ത സുരക്ഷയില്‍ വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു. വരുന്ന വഴിയിലും പോലിസ് വാഹനത്തെ അനുയായികള്‍ പിന്തുടര്‍ന്നുവെങ്കിലും പോലിസ് സുരക്ഷ ശക്തമായതിനാല്‍ അടുക്കാനായില്ല.
കഴിഞ്ഞ ജൂലൈയില്‍ മഹാരാജിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോയമ്പത്തൂരില്‍ വച്ച് അനുയായികളെത്തി പോലിസ് വാഹനം തടഞ്ഞ് നി ര്‍ത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വന്‍ സന്നാഹത്തോടെയായിരുന്നു കേരള പോലിസ് അവിടെയെത്തിയത്.
പള്ളുരുത്തി സ്വദേശി ഫിലിപ്പിന്റെ പരാതിയിലാണു മഹാരാജിനെ അറസ്റ്റ് ചെയ്തത്. തന്റെ ആഡംബര കാര്‍ പണയം വച്ച് ഫിലിപ് 45 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ തുക തിരികെനല്‍കിയിട്ടും കാര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. വന്‍ പലിശയും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണു പള്ളുരുത്തി പോലിസില്‍ പരാതി നല്‍കിയത്. കേസില്‍ മഹാരാജിന്റെ അനുയായികളായ മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

Next Story

RELATED STORIES

Share it