സിനിമാ മേഖലയില്‍ വീണ്ടും പ്രതിസന്ധി; വേതനവര്‍ധന: സാങ്കേതിക പ്രവര്‍ത്തകര്‍ സമരത്തിന്

തിരുവനന്തപുരം: നിരക്കുവര്‍ധനയാവശ്യപ്പെട്ട് എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായതിനു പിന്നാലെ വേതനവര്‍ധന ആവശ്യപ്പെട്ട് സാങ്കേതികപ്രവര്‍ത്തകരും രംഗത്ത്. കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന നിര്‍മാതാക്കളുമായുള്ള ചര്‍ച്ചയില്‍ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ മാസം 30നു വീണ്ടും യോഗം വിളിച്ചിരിക്കുകയാണ്. ഇതില്‍ തീരുമാനമായില്ലെങ്കില്‍ സമരത്തിലേക്കു നീങ്ങാനാണ് സാങ്കേതികപ്രവര്‍ത്തകരുടെ തീരുമാനം. അത്തരമൊരു സാഹചര്യമുണ്ടായാല്‍ സിനിമാമേഖലയില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമാവും. സാങ്കേതിക പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കണമെന്ന ഫെഫ്കയുടെ നിര്‍ദേശം കഴിഞ്ഞദിവസത്തെ യോഗത്തില്‍ നിര്‍മാതാക്കളുടെ സംഘടന തള്ളിയിരുന്നു.
തുടര്‍ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ സമരത്തിലേക്കു നീങ്ങാനാണ് ഫെഫ്കയുടെ തീരുമാനം. സാങ്കേതികപ്രവര്‍ത്തകരുടെ നിലവിലെ വേതനത്തില്‍നിന്നും 70 ശതമാനം വരെയുള്ള വര്‍ധനയാണ് ഫെഫ്ക ആവശ്യപ്പെടുന്നത്. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ അതു നല്‍കാന്‍ കഴിയില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഏറ്റവും അടുത്ത ദിവസം മുതല്‍ ഉയര്‍ന്ന വേതനം ആവശ്യപ്പെടാനാണ് ഫെഫ്കയുടെ തീരുമാനം. അതേസമയം, നിര്‍മാതാക്കളില്‍നിന്ന് അമിതമായി കൂലി ഈടാക്കിയാല്‍ ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നു നിര്‍മാതാക്കളുടെ സംഘടന പറയുന്നു.
30നു നടക്കുന്ന ചര്‍ച്ചയും പരാജയപ്പെട്ടാല്‍ വേതനവര്‍ധന ആവശ്യപ്പെട്ട് സാങ്കേതികപ്രവര്‍ത്തകര്‍ ഷൂട്ടിങ് ഉള്‍പ്പെടെ നിര്‍ത്തിവച്ചുകൊണ്ടുള്ള സമരത്തിലേക്കു നീങ്ങുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it