Flash News

സിനിമാ നടന്‍ ടോം ആള്‍ട്ടര്‍ അന്തരിച്ചു



മുംബൈ: പ്രമുഖ നാടക, ടെലിവിഷന്‍, സിനിമാ നടന്‍ ടോം ആള്‍ട്ടര്‍ (67) അന്തരിച്ചു. ത്വഗ് അര്‍ബുദത്തിനു ചികില്‍സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വെള്ളിയാഴ്ച രാത്രി സ്വവസതിയിലായിരുന്നു. അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ മകനായി 1950ല്‍ മസൂറിയിലാണ് ആള്‍ട്ടര്‍ ജനിച്ചത്. ഹരിയാന ജഗദ്രിയിലെ സ്‌കൂളില്‍ അധ്യാപകനായിരിക്കെ, രാജേഷ്ഖന്നയും ശര്‍മിള ടാഗൂറും അഭിനയിച്ച ആരാധന എന്ന ഹിന്ദി ചിത്രം കണ്ടതോടെയാണ് അദ്ദേഹത്തെ “സിനിമാഭ്രാന്ത്’ പിടികൂടിയത്. വൈകാതെ പൂനെയിലെ ഫിലിം, ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു. 1972 മുതല്‍ 74 വരെ അവിടെ നിന്ന് അഭിനയകല പഠിച്ചു. 1976ല്‍ രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത ചരസ് ആണ് ആള്‍ട്ടറുടെ ആദ്യ ചിത്രം.  ചിത്രത്തില്‍ കസ്റ്റംസ് ഓഫിസറുടെ റോളായിരുന്നു അദ്ദേഹത്തിന്. സത്യജിത് റായിയുടെ ശട്രന്‍ജ് കെ കിലാരി (1977)യായിരുന്നു അടുത്ത ചിത്രം. ആള്‍ട്ടറുടെ ഏറ്റവും വിഖ്യാതമായ ചിത്രമാണിത്. തുടര്‍ന്ന് ശ്യം ബെനഗലിന്റെ ജന്തന്‍ (1979), മനോജ് കുമാറിന്റെ ക്രാന്തി (1981), രാജ്കപൂറിന്റെ റാം തേരി ഗംഗ മെയ്‌ലി (1985) എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.  കന്നഡ, ബംഗാളി, അസമീസ്, ഗുജറാത്തി, തെലുങ്ക്, തമിഴ്, ഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അലോക്‌നാഥ്, ഫരീദ ജലാല്‍ എന്നിവരൊത്ത് അഭിനയിച്ച സര്‍ഗോഷിയാന്‍ ആണ്് ഒടുവിലത്തെ ചിത്രം. കരോള്‍ ആണ് ആള്‍ട്ടറുടെ ഭാര്യ. ജാമി, അഫ്ഷാന്‍ എന്നിവര്‍ മക്കളാണ്. ബുധനാഴ്ച  മൃതദേഹം സംസ്‌കരിക്കുമെന്നു കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it