Flash News

സിനിമാസ്റ്റൈല്‍ മണ്ടത്തരം; കലക്ടറേറ്റിലെ സ്‌ഫോടനത്തില്‍ നിര്‍ണായക തെളിവുകള്‍ നഷ്ടമാക്കി

കൊല്ലം: കാര്യമായ തെളിവുശേഖരണം ഉദ്ദേശിച്ച് നടത്തിയ 'ഓപ്പറേഷന്റെ' ഒടുവില്‍ 'റെക്കോഡിങ് വര്‍ക്കു ചെയ്യുന്നില്ല' എന്ന് തിരിച്ചറിയുന്നത് പ്രശസ്തമായ ഒരു മലയാള സിനിമയിലെ രംഗമാണ്. ഏതാണ്ട് അതേ അവസ്ഥയാണ് കൊല്ലം കളക്ടറേറ്റിലെ സ്‌ഫോടനം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനും വന്നിട്ടുള്ളത്.

കളക്ടറേറ്റിലെ ഓരോ ചലനവും കഴുകന്‍ കണ്ണുകളെന്നപോലെ ഒപ്പിയെടുക്കാന്‍ ഉദ്ദേശിച്ച് സ്ഥാപിച്ച സിസിടിവി ക്യാമറകളില്‍ റെക്കോഡിങ് വര്‍ക്കു ചെയ്യുന്നില്ല എന്നാണ് വാര്‍ത്ത. പട്ടാപ്പകല്‍ കളക്ടറേറ്റ് വളപ്പില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന് കരുതി പരിശോധിച്ചപ്പോഴാണ് റെക്കോഡിങ് നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടത്. പതിനേഴോളം ക്യാമറകളുള്ളതില്‍ അഞ്ചെണ്ണമുള്ളത് സ്‌ഫോടനം നടന്ന സ്ഥലത്തിന് അടുത്തു തന്നെയായിരുന്നു.

റെക്കോഡിങിന് സംഭവിച്ച സാങ്കേതികത്തകരാറല്ല, റെക്കോഡിങ് ഓണാക്കാന്‍ മറന്നതാണ് ദൃശ്യങ്ങള്‍ ലഭ്യമാകാതിരിക്കാന്‍ കാരണമായതത്രേ. പുറ്റിങ്ങല്‍ ദുരന്തത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിലെ സിസിടിവിയില്‍ നിന്നുള്ള ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടു പോയിരുന്നു. ഇതിനുശേഷം ഹാര്‍ഡ് ഡിസ്‌ക് പുനസ്ഥാപിച്ചപ്പോള്‍ സിസിടിവിയില്‍ റെക്കോഡിങ് മോഡ് ഓണാക്കിയിരുന്നില്ല. കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും സംഭവിച്ച ഈ അബദ്ധമാണ്  ഇന്നുണ്ടായ സ്‌ഫോടനത്തിലെ നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തല്‍സമയ സംപ്രേക്ഷണത്തിനായി സ്ഥാപിച്ച ക്യാമറയ്ക്കും ഇത്തരമൊരു പ്രശ്‌നമുണ്ടായിരുന്നത് സോളാര്‍ വിവാദം കത്തിനില്‍ക്കുന്നതിനിടെ വാര്‍ത്തയായിരുന്നു. സുതാര്യമായ ഭരണം ഉറപ്പുവരുത്തുന്നതിനായി സ്ഥാപിച്ച ക്യാമറയില്‍ റിക്കോഡിങ് ഇല്ല എന്ന് അന്നത്തെ മുഖ്യമന്ത്രി പറഞ്ഞത് വലിയ തമാശയായാണ് മാധ്യമങ്ങള്‍ ആഘോഷിച്ചത്. ഏതാണ്ടിതുപോലത്തെ അവസ്ഥയാണ് കൊല്ലം കളക്ടറേറ്റിലെ ക്യാമറയുടെ കാര്യത്തില്‍ ഇപ്പോള്‍ സംഭവിച്ചിട്ടുള്ളതും.
Next Story

RELATED STORIES

Share it