Flash News

സിനിമാശാലകളില്‍ ദേശീയഗാനം നിര്‍ബന്ധമില്ല

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: സിനിമാഹാളുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ലെന്നു സുപ്രിംകോടതി. ദേശീയ ഗാനം വയ്ക്കണമോ എന്ന കാര്യം തിയേറ്റര്‍ ഉടമകള്‍ക്കു തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയത്. ഹരജികളില്‍ തീര്‍പ്പാക്കിയശേഷം പരാതിക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മന്ത്രിതല സമിതിയുടെ മുന്നില്‍ ഹാജരാവാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ഇതുസംബന്ധിച്ച 2016 നവംബര്‍ 30ലെ ഉത്തരവില്‍ കോടതി ഭേദഗതി വരുത്തി. പ്രദര്‍ശനത്തിനു മുമ്പായി സിനിമാ തിയേറ്ററുകളില്‍ വേണമെങ്കില്‍ ദേശീയഗാനം വയ്ക്കാം. ദേശീയഗാനം വയ്ക്കുകയാണെങ്കില്‍ ആ സമയം തിയേറ്ററിലുള്ളവര്‍ എഴുന്നേറ്റു നിന്ന് ആദരിക്കണം. എന്നാല്‍, അംഗപരിമിതര്‍ക്ക് ഇക്കാര്യത്തില്‍ നല്‍കിയ ഇളവ് തുടരുമെന്നും കോടതി വ്യക്തമാക്കി. ദേശീയഗാനം വയ്ക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കണം എന്നത് വിശദീകരിക്കാനായി 2015ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാണ് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയത്. ഇതോടൊപ്പം ബിജോയ് ഇമ്മാനുവലും കേരള സര്‍ക്കാരുമായുള്ള കേസിന്റെ വിധിയും കോടതി ചൂണ്ടിക്കാട്ടി. യഹോവാ സാക്ഷികളുടെ സ്‌കൂളില്‍ ദേശീയഗാനസമയത്ത് വിദ്യാര്‍ഥികള്‍ എഴുന്നേറ്റു നിന്ന് ആദരം പ്രകടിപ്പിക്കില്ലെന്ന കേസാണിത്.
ദേശീയഗാനം വയ്ക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ അടങ്ങിയ റിപോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പന്ത്രണ്ടംഗ മന്ത്രിതല സമിതി സമര്‍പ്പിക്കുന്നതു വരെ തല്‍സ്ഥിതി തുടരും. ദേശീയഗാനത്തോടുള്ള അപമാനം തടയുന്നതിനുള്ള 1971ലെ നിയമത്തില്‍ ഭേദഗതി വേണോ എന്ന കാര്യം സമിതി പരിശോധിക്കും. 2017 ഡിസംബര്‍ അഞ്ചിനു രൂപീകരിച്ച സമിതി ആറുമാസത്തിനുള്ളില്‍ റിപോര്‍ട്ട് നല്‍കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
ദേശീയഗാനാലാപനം ബോധപൂര്‍വം തടയുകയോ ആലാപന സമയത്തു ശല്യമുണ്ടാക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവോ പിഴയോ രണ്ടു ശിക്ഷയും ഒരുമിച്ചോ നല്‍കണമെന്നതാണ് 1971ലെ നിയമം. വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി സമഗ്രമായ പഠനം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ സുപ്രിംകോടതിയില്‍ വ്യക്തമാക്കി. 2017 നവംബര്‍ 30ലെ ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടു സര്‍ക്കാര്‍ കഴിഞ്ഞദിവസം നല്‍കിയ സത്യവാങ്മൂലവും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ശശി തരൂര്‍ എംപിക്കെതിരേയും ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണ മൂര്‍ത്തിക്കെതിരേയും 1971ലെ നിയമം അനുസരിച്ച് ഫയല്‍ ചെയ്ത കേസുകളും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ദേശീയഗാനത്തോടുള്ള ആദരവും അനാദരവും സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു തീരുമാനിക്കപ്പെടേണ്ടതെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
എന്നാല്‍, ഈ വിഷയത്തില്‍ മൂന്നു കാര്യങ്ങളാണു പ്രധാനമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. മാതൃരാജ്യത്തോടുള്ള അഭിവാദനം എന്ന നിലയില്‍ ദേശീയഗാനം ആദരിക്കപ്പെടണമെന്നതാണ് പ്രഥമമായത്. രണ്ടാമതായി, ഏതൊക്കെ അവസരത്തില്‍ ദേശീയഗാനത്തോട് ആദരം പ്രകടിപ്പിക്കണമെന്നതാണ്. അവസാനമായി, ദേശീയഗാനം ആലപിക്കുന്ന സമയത്ത് മതിയായ അന്തസ്സ് നിലനില്‍ക്കുന്നുണ്ടെന്നത് ഉറപ്പു വരുത്തേണ്ടതാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it