സിനഡിന് നല്‍കിയ നിവേദനത്തിന്റെ പകര്‍പ്പ് പുറത്ത്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് വിമത വൈദികര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ അനൂകൂല വൈദികര്‍ സിനഡിന് നല്‍കിയ നിവേദനത്തിന്റെ പകര്‍പ്പു പുറത്തായി.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ രംഗത്തുള്ള വൈദികര്‍ക്കെതിരേയാണു നടപടി ആവശ്യപ്പെടുന്നത്.
വിമതവൈദികരുടെ ലക്ഷ്യം നേടാന്‍ വെട്ടിനിരത്തേണ്ടവരെ വെട്ടിനിരത്തിയും നിസ്സാരകാരണങ്ങള്‍ പറഞ്ഞ് അല്‍മായരെ ഒഴിവാക്കിയുമാണു പുതിയ വൈദികസമിതിയും പാസ്റ്ററല്‍ കൗണ്‍സിലും തട്ടിക്കൂട്ടിയതെന്നു സംശയിക്കുന്നതായി വൈദികര്‍ നിവേദനത്തില്‍ വ്യക്തമാക്കുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സ്ഥാനത്യാഗം ചെയ്യിക്കുകയെന്ന ഒറ്റ ഉദ്ദേശ്യമേ വിമത വൈദികര്‍ക്കുള്ളൂ .ഇക്കാര്യം അവരുടെ യോഗങ്ങളില്‍ തുടക്കം മുതലേ പല ആവര്‍ത്തി പറഞ്ഞിട്ടുള്ളതാണ്. ഈ രഹസ്യ അജണ്ട നടപ്പാക്കാന്‍ സമര്‍ഥവും സുതാര്യമല്ലാത്തതുമായ മാര്‍ഗങ്ങളാണ് അവര്‍ അവലംബിച്ചു പോരുന്നതെന്നും കര്‍ദിനാളിനെ അനുകൂലിക്കുന്ന വൈദികര്‍ നല്‍കിയ നിവേദനത്തില്‍ ആരോപിക്കുന്നു.
ഏതാനും വൈദികര്‍ സഹായമെത്രാന്മാരെ സന്ദര്‍ശിച്ച് ആലഞ്ചേരിക്കെതിരേയുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്ത പിന്തുണ ഉറപ്പാക്കിയിരുന്നു. എത്രയും വേഗം റോമിലേക്ക് ആലഞ്ചേരിക്കെതിരേ പരാതി അയക്കാനുള്ള തത്രപ്പാടിലായിരുന്നു അവര്‍. ഒരു നിവേദനം സിനഡിന് അവര്‍ നല്‍കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. അതിരൂപതയിലെ വൈദികര്‍ക്ക് അവരുടെ സ്വതന്ത്ര അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരത്തെ വാടസ് ആപ് ഉപയോഗിച്ച് വിമത വൈദികര്‍ തടയിടുകയാണ്. ആരെങ്കിലും മുന്നോട്ടുവന്നാല്‍ അവരെ തേജോവധം ചെയ്യുകയുമാണ്. അതുകൊണ്ട് ആരും മനസ്സുതുറന്ന് ഒന്നും പറയുന്നില്ലെന്നും നിവേദനത്തില്‍ പറയുന്നു.
ഏതാനും വൈദികരുടെ പിന്തുണയോടെ രൂപീകരിച്ച ആര്‍ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി എന്ന സംഘടനയുടെ മറവിലാണു വൈദികര്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ജനരോഷം ആളിക്കത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ഈര്‍ക്കിലി പാര്‍ട്ടിക്ക് ചെല്ലുംചെലവും നല്‍കിവരുന്നത് സഹായമെത്രാന്മാരാണ്. ആലഞ്ചേരിക്കെതിരേ കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും ക്രിമിനല്‍ ക്കേസ് ഫയല്‍ ചെയ്യാന്‍ എഎംടിക്ക് വേണ്ട ഉപദേശം നല്‍കിയതും വക്കീലിനെ ഏര്‍പ്പെടുത്തി നല്‍കിയതും ഈ വിമത വൈദികര്‍ തന്നെയാണെന്നും നിവേദനത്തില്‍ പറയുന്നു. അതേസമയം അതിരൂപതയിലെ സഹായ മെത്രാനെതിരേ തൊടുപുഴയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സഭയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലിനെതിരേയാണു തൊടുപുഴ ഒളമറ്റത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
Next Story

RELATED STORIES

Share it