സിദ്ധാന്തവാശിയുടെ തടവുകാര്‍

പി പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

ഇന്ത്യയില്‍ അധികാരം കൈയാളാന്‍ ഇടയുള്ള പാര്‍ട്ടികളിലേക്കും സംഘടനകളിലേക്കും ആര്‍എസ്എസ് നുഴഞ്ഞുകയറാറുണ്ട്. അല്ലെങ്കില്‍ ചിലരെ അതിലേക്കു കടത്തിവിടാറുണ്ട്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ ആര്‍എസ്എസ് നടത്തിയ നുഴഞ്ഞുകയറ്റത്തിന്റെ പലവിധ വിനകള്‍ ഇന്ന് ആ പാര്‍ട്ടി ധാരാളമായി അനുഭവിക്കുന്നുണ്ട്്. സോഷ്യലിസ്റ്റ് പാര്‍ട്ടികളില്‍ ആര്‍എസ്എസ് നടത്തിയ കുതന്ത്രങ്ങള്‍ വഴി ആ പാര്‍ട്ടി ശിഥിലമായി. ഒടുവിലത്തെ ഉദാഹരണം ബിഹാറിലെ നിതീഷ്‌കുമാര്‍. കോണ്‍ഗ്രസ്സിലുള്ളത്ര ഇല്ലെങ്കിലും സിപിഎമ്മിലും ഈ പ്രശ്‌നമുണ്ട്. ഇതു തിരിച്ചറിയാന്‍ കുറേ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയേണ്ടിവരുമായിരിക്കാം. ഫാഷിസത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ്സിനെ ഒരളവോളമെങ്കിലും കൂട്ടുപിടിക്കാനുള്ള യെച്ചൂരി ലൈനിനെ തോല്‍പിക്കുന്നതില്‍ പാര്‍ട്ടിക്കകത്തുള്ള ഒരുവിഭാഗത്തെ ആരാണു പ്രേരിപ്പിക്കുന്നത്? ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിം ലീഗിന് വളരെ മാന്യമായ പരിഗണന നല്‍കിയത് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സപ്തമുന്നണിയായിരുന്നു. മല്‍സരിച്ച 15 സീറ്റില്‍ 14ഉം ജയിച്ചു. രണ്ടു മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും ലീഗുകാരില്‍നിന്നുണ്ടായി. ഇത് ആര്‍എസ്എസിന് വളരെ അസഹനീയമായിരുന്നു. മലപ്പുറം ജില്ലാ രൂപീകരണം, കോഴിക്കോട് സര്‍വകലാശാലാ സ്ഥാപനം ഉള്‍പ്പെടെ പലതും നടന്നതില്‍ ആര്‍എസ്എസ് വൃത്തങ്ങളും വലതുപക്ഷക്കാരായ കെ കേളപ്പനെപോലുള്ള കോണ്‍ഗ്രസ്സുകാരും അസ്വസ്ഥരായിരുന്നു. കോണ്‍ഗ്രസ്സില്‍ നല്ലൊരു വിഭാഗം പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍എസ്എസുമാണെന്ന ആരോപണത്തിന് അന്നു കൂടുതല്‍ തെളിവുകളുണ്ടായിരുന്നു. 1967ലെ മുന്നണിയില്‍ മുസ്‌ലിംലീഗ് നന്ദികെട്ട നിലപാട് സ്വീകരിച്ചെന്നാണ് സിപിഎമ്മിലെ ഒരുവിഭാഗം ഉറച്ചു വിശ്വസിച്ചത്. 1969ല്‍ ലീഗ് മുന്നണി വിടുകയും കുറുമുന്നണിയുടെ ഭാഗമാവുകയും കോണ്‍ഗ്രസ്സിന്റെയും കെ കരുണാകരന്റെയും വക്കാലത്ത് ഏറ്റെടുത്ത് സി എച്ച് മുഹമ്മദ്‌കോയ ഉള്‍പ്പെടെയുള്ളവര്‍ അതിതീവ്രതയോടെ നാടുനീളെ പ്രസംഗിച്ചുനടക്കുകയും ചെയ്തപ്പോള്‍ അതിനു ചില പ്രതിലോമ ഫലങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. സിപിഎമ്മുകാര്‍ക്ക് അക്കാലത്ത് സി എച്ച് മുഹമ്മദ്‌കോയയോടായിരുന്നു കടുത്ത വെറുപ്പും വിരോധവും. ഈയൊരു ചുറ്റുപാടിലാണ് സിഎച്ചിനെതിരേ തലശ്ശേരിയില്‍ ഗംഗാധര മാരാര്‍ ആസിഡ് ബള്‍ബ് എറിഞ്ഞത്. അന്നത്തെ ആര്‍എസ്എസ് ജനസംഘം ലോബി ഇതില്‍നിന്നൊക്കെ മുതലെടുക്കുക സ്വാഭാവികം മാത്രം. അക്കാലത്ത് സഖാക്കള്‍ കടുത്ത ലീഗ് വിരോധം വ്യാപകമായി പ്രസരിപ്പിച്ചു. ഇത് നല്ലൊരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരില്‍ മുസ്‌ലിം വിരോധമായി വളര്‍ന്നു. ഇതിനെ നന്നായി ഉപയോഗപ്പെടുത്താനും മുതലെടുക്കാനും ആര്‍എസ്എസ് ലോബി പല മാര്‍ഗേണ യത്‌നിച്ചതിന്റെ കൂടി ഫലമായിരുന്നു 1971 ഒടുവില്‍ തലശ്ശേരിയില്‍ നടന്ന വര്‍ഗീയലഹള (മാപ്പിള ലഹളയുടെ 50ാം വാര്‍ഷികമെന്ന് ഈ കലാപത്തെ ആര്‍എസ്എസുകാര്‍ വിശേഷിപ്പിച്ചിരുന്നു). ഈ കലാപത്തില്‍ ആര്‍എസ്എസും ചില സഖാക്കളും സഹകരിക്കുകയും ചെയ്തു. വക്രീകരണ പ്രക്രിയകളിലൂടെയുള്ള മുസ്‌ലിംലീഗ് വിരോധം കടുത്ത മുസ്്‌ലിം വിരോധമായി രൂപാന്തരം പ്രാപിച്ചതിന്റെ ഫലംകൂടിയാണ് തലശ്ശേരി കലാപമെന്ന് പലരും അക്കാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിതയത്തില്‍ കമ്മീഷന്‍ റിപോര്‍ട്ടിലും ഉള്ളടങ്ങിയിട്ടുണ്ട്. തലശ്ശേരി മട്ടാമ്പ്രം പള്ളിയില്‍ വച്ച് പത്രക്കാരോട് സംസാരിക്കുമ്പോള്‍ ഞങ്ങളുടെ ആളുകളും ഈ കലാപത്തില്‍ പങ്കാളിയായിരിക്കാം എന്ന് ഇഎംഎസ് സൂചിപ്പിച്ചിരുന്നു. ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് ആര്‍എസ്എസ് വര്‍ഗീയവാദികളുടെ അഴിഞ്ഞാട്ടത്തിനും കൊള്ളയ്ക്കുമെതിരേ ഉറച്ച നിലപാടാണ് സിപിഎം സ്വീകരിച്ചത് എന്ന് മൊത്തത്തില്‍ പറയാം. എന്നാല്‍, പല പ്രദേശങ്ങളിലും സംഭവങ്ങളിലും പാര്‍ട്ടി മുസ്‌ലിംലീഗിനെതിരേയോ മുസ്്‌ലിം സ്ഥാപനങ്ങള്‍ക്ക് എതിരേയോ സ്വീകരിക്കുന്ന നിലപാടുകള്‍ കടുത്ത മുസ്്‌ലിം/ഇസ്‌ലാം വിരോധമായി സംക്രമിക്കുന്നുണ്ട് എന്നത് അവര്‍ പലപ്പോഴും വേണ്ടുംവിധം ഗ്രഹിച്ചിട്ടില്ല. മുസ്‌ലിം വ്യക്തിനിയമത്തില്‍ ഉണ്ടെന്ന് അവര്‍ ധരിക്കുന്ന പോരായ്മകളെ എതിര്‍ക്കുമ്പോള്‍ എതിര്‍പ്പ് തല്‍വിഷയത്തില്‍ മാത്രം ഒതുങ്ങാതെ ഇസ്്‌ലാം/മുസ്‌ലിം വിരോധമായി വഴിതെറ്റുന്നു (ശരീഅത്ത് വിവാദത്തിന്റെ ഫലമായി ഹൈന്ദവ പിന്തുണ കൂടുതല്‍ കേന്ദ്രീകരിക്കാനും മുസ്‌ലിംലീഗ് ഇല്ലാത്ത ഒരു മന്ത്രിസഭ രൂപീകരിക്കാനും സിപിഎമ്മിനു സാധിച്ചു). നാദാപുരത്തും പരിസരങ്ങളിലും മുസ്‌ലിംലീഗിനെതിരേയോ അല്ലെങ്കില്‍ മുസ്‌ലിം പ്രമാണി/ജന്മി വിഭാഗത്തിനെതിരേയോ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ താഴെത്തട്ടില്‍ മുസ്‌ലിം വിരോധമായിട്ട് മാറുന്നു. അതേയവസരം ആര്‍എസ്എസിനെ എതിര്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരുതരം അധൈര്യമോ അപകര്‍ഷതാബോധമോ അനുഭവിക്കുന്നതായി മനസ്സിലാവുന്നു. തൂക്കമൊപ്പിക്കാന്‍ ഏതെങ്കിലും മുസ്‌ലിം സംഘടനയെ ചേര്‍ത്തുകൊണ്ടേ ആര്‍എസ്എസിനെതിരേ അവര്‍ സംസാരിക്കാറുള്ളൂ. ഇങ്ങനെ തെറ്റായ സമീകരണം നടത്തി ചേര്‍ത്തുപറയുമ്പോള്‍ ഫലത്തില്‍ ആര്‍എസ്എസ് എന്ന ആഴത്തില്‍ വേരുള്ള വിധ്വംസകസംഘടനയെ ലളിതവല്‍ക്കരിക്കുകയും ലഘൂകരിക്കുകയും ചെയ്യുന്ന വേലയാണു ചെയ്യുന്നത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒന്നല്ല. വര്‍ഗീയത തെറ്റാണ്; മോശവുമാണ്. തികച്ചും എതിര്‍ക്കപ്പെടേണ്ടതുമാണ്. എന്നാല്‍, ഭൂരിപക്ഷ വര്‍ഗീയത കൂടുതല്‍ അപകടകാരിയാണെന്ന വസ്തുത മറക്കരുത്. ജവഹര്‍ലാല്‍ നെഹ്‌റു അതുകൊണ്ടാണ് ഹിന്ദു വര്‍ഗീയത കൂടുതല്‍ അപകടകരമെന്നു പറഞ്ഞത്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരുപോലെ വീക്ഷിക്കുന്ന പാര്‍ട്ടിയുടെ സമീപനം ഫലത്തില്‍ ആര്‍എസ്എസിന് അനുകൂലമായിട്ടാണു ഭവിക്കുന്നത്. സംഭവങ്ങളെയും സംഗതികളെയും വിലയിരുത്തുന്നതില്‍ പാര്‍ട്ടി പുലര്‍ത്തുന്ന സിദ്ധാന്തവാശി തിരുത്തപ്പെടേണ്ടതുണ്ട്. കാരണം, അത് ഫാഷിസ്റ്റ് ദുശ്ശക്തികള്‍ക്ക് പരോക്ഷമായി രംഗം പാകപ്പെടുത്തിക്കൊടുക്കലായിരിക്കും.                 ി
Next Story

RELATED STORIES

Share it