സിദ്ധരാമയ്യയുടെ പാളിപ്പോയ ലിംഗായത്ത് തന്ത്രം

ബംഗളൂരു: ലിംഗായത്തുകളെ ചേര്‍ത്തു നിര്‍ത്താന്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി പ്രത്യേക ന്യൂനപക്ഷ പദവിയെന്ന നീണ്ട കാലത്തെ ആവശ്യം അംഗീകരിച്ച് കൊടുക്കുമ്പോള്‍ കാലങ്ങളായുള്ള ബിജെപിയുടെ വോട്ട് ബാങ്ക് തകര്‍ക്കാമെന്നതായിരുന്നു സിദ്ധരാമയ്യ കെട്ടിയ മനക്കോട്ട.
പക്ഷേ, സിദ്ധരാമയ്യയുടെ ആ തന്ത്രം ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കര്‍ണാടക തിരഞ്ഞെടുപ്പു ഫലത്തിന്‍ നിന്നു വ്യക്തമാവുന്നത്. ഒന്നിച്ചു നിന്ന വീരശൈവരെയും ലിംഗായത്തുകാരെയും പ്രത്യേക ന്യൂനപക്ഷ പദവിയിലൂടെ രണ്ടായി പിളര്‍ത്താമെന്നും അതുവഴി ലിംഗായത്ത് സമുദായത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസ്് പാളയത്തിലെത്തിക്കാമെന്നുമായിരുന്നു സിദ്ധരാമയ്യയുടെ കണക്കുകൂട്ടല്‍.
എന്നാല്‍ ഈ ശ്രമം  പരാജയപ്പെടുമെന്ന ബിജെപിയുടെ വിലയിരുത്തല്‍ വെറുതെയായില്ല. കോണ്‍ഗ്രസ്സിന്റെ പ്രീണനനയം വെറുതെയാവുമെന്നും സംവരണ നിയമം കാറ്റില്‍പ്പറത്തിയ ന്യൂനപക്ഷ പദവി വിലപ്പോവില്ലെന്നുമുള്ള കാര്യത്തില്‍ പല തവണ ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പക്ഷേ അതൊന്നും കണക്കിലെടുക്കാതെ ലിംഗായത്തുകളില്‍ അമിത വിശ്വാസമര്‍പ്പിച്ച കോണ്‍ഗ്രസ്സിന്റെ ആത്മവിശ്വാസത്തിനേറ്റ പ്രഹരം കൂടിയാണ് ലിംഗായത്ത് സ്വാധീന മേഖലകളിലെ ബിജെപിയുടെ മുന്നേറ്റം.
പ്രചാരണത്തിന്റെ തുടക്കം മുതല്‍ ആവുംവിധമൊക്കെ പ്രോല്‍സാഹിപ്പിച്ച് ഒപ്പം നിന്ന ലിംഗായത്തുകളുടെ സൗഹൃദം വോട്ടില്‍  പ്രതിഫലിക്കില്ലെന്നു സിദ്ധരാമയ്യ പ്രതീക്ഷിച്ചതേയില്ല. ബിജെപിക്ക് സാധിക്കാത്തത് കോണ്‍ഗ്രസ്സിന് സാധിച്ചു എന്നതുകൊണ്ട് സമുദായം ഒന്നോടെ തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്ന് സിദ്ധരാമയ്യയും കോണ്‍ഗ്രസ്സും കരുതി. കുറച്ചൊക്കെ വോട്ടുകള്‍ ബിജെപിയിലേക്ക് പോയാലും സാരമില്ല ഭൂരിപക്ഷം ലിംഗായത്തുകള്‍ തങ്ങള്‍ക്കൊപ്പം തന്നെ എന്നായിരുന്നു കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബിജെപിയുടെ കണക്കുകൂട്ടലാണ് ശരിയായതെന്നു വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടില്‍ തന്നെ വ്യക്തമായി.
ചുരുക്കം വോട്ടുകള്‍ മറിഞ്ഞതൊഴിച്ചാല്‍ ലിംഗായത്തുകള്‍ ബിജെപിക്ക് തന്നെയാണു വോട്ട് ചെയ്തത്. ലിംഗായത്തുകള്‍ക്ക് സ്വാധീനമുള്ള ഹൈദരാബാദ് കര്‍ണാടകയിലും മുംബൈ കര്‍ണാടകയിലും വിജയം ബിജെപിക്കൊപ്പം ഉറച്ചുനിന്നു.
Next Story

RELATED STORIES

Share it