kozhikode local

സിദ്ധന്‍ ചമഞ്ഞ് തട്ടിപ്പ്: പ്രതിയെ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കി

കുന്ദമംഗലം: മലയമ്മ പുള്ളന്നൂരില്‍ സിദ്ധന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തി പിടിയിലായ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലിസ് അപേക്ഷ നല്‍കി. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് കോടതിയിലാണ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ രണ്ടു ദിവസം കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന് പോലിസ് അപേക്ഷ നല്‍കിയത്.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജറാക്കും. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഇയാള്‍ താമസിച്ച പുള്ളന്നൂരിലെ ക്വോട്ടേഴ്‌സില്‍ കൊണ്ടുപോയി പരിശോധന നടത്തും. ഈ മാസം പതിനെട്ടിനാണ് വളാഞ്ചേരി വേങ്ങാട് സ്വദേശി അബ്ദുല്‍ ഹഖീമിനെ കുന്ദമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ താമസിച്ചിരുന്ന പുള്ളന്നൂരിലെ ക്വോട്ടേഴ്‌സില്‍ വെച്ച് നിരവധിയാളുകളില്‍ നിന്ന് പ്രതി സ്വര്‍ണ്ണവും പണവും തട്ടിയെടുത്തു എന്നാണ് കേസ്സ്. ഇയാളോടൊപ്പം താമസിച്ചിരുന്ന ഉമ്മയേയും ഇയാള്‍ വിവാഹം കഴിച്ചെന്ന് അവകാശപ്പെടുന്ന ഇവരുടെ മകളേയും മകളുടെ ആദ്യ ഭര്‍ത്താവിലുണ്ടായ ഒരാണ്‍കുട്ടിയും ഇയാളുടെ ഒരു പെണ്‍കുട്ടിയേയും കുറിച്ചും ഇതുവരെ പോലിസിന് വിവരം ഒന്നും ലഭിച്ചില്ല.
ഇവരോടൊപ്പമുള്ള ആണ്‍കുട്ടിയുടെ പിതാവ് കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലിസിനെ സമീപിച്ചിട്ടുണ്ട്. പത്തോളം പേരുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിന് ശേഷവും നിരവധി പരാതികള്‍ പോലിസ് സ്‌റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്.
ഈ പരാതികളില്‍ ഇതുവരെ പോലിസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇയാള്‍ അറസ്റ്റിലായതിന് ശേഷം വന്ന പരാതികളില്‍ മറ്റൊരു കേസ്സ് രജിസ്റ്റര്‍ ചെയ്യാനാണ് പോലിസ് ആലോചിക്കുന്നത്. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഇയാള്‍ കൈവശപ്പെടുത്തിയ പണവും സ്വര്‍ണ്ണവും കണ്ടെത്താന്‍ സാധിക്കുമെന്നാണ് പോലിസിന്റെ പ്രതീക്ഷ. കുന്ദമംഗലം പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ മുരളീധരനാണ് കേസ് അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it