സിദ്ദീഖും ജഗദീഷും സാധ്യതാ പട്ടികയില്‍

തിരുവനന്തപുരം/ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ സിനിമാതാരങ്ങളായ സിദ്ദീഖും ജഗദീഷും. ഇരുവരുമായും കെപിസിസി നേതൃത്വം ചര്‍ച്ചനടത്തി. സിദ്ദീഖിനെ അരൂരിലും ജഗദീഷിനെ പത്തനാപുരത്തേക്കുമാണു പരിഗണിക്കുന്നത്. കൊല്ലം ഡിസിസി സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ജഗദീഷിന്റെ പേരുണ്ട്. എന്നാല്‍, ആലപ്പുഴ ഡിസിസി നല്‍കിയ ലിസ്റ്റില്‍ സിദ്ദീഖിന്റെ പേരില്ല. കെപിസിസി ഇടപെട്ടാണ് സിദ്ദീഖിന്റെ പേര് ഉള്‍പ്പെടുത്തിയത്. ഇരുവരും മല്‍സരിക്കാനുള്ള സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണു സൂചന.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ പത്തനാപുരത്ത് മല്‍സരിക്കുമെന്ന് ഉറപ്പാണ്. കൊല്ലം ഡിസിസി ജഗദീഷിന്റെ കാര്യത്തില്‍ അനുകൂല തീരുമാനമെടുത്തതോടെ താര പോരാട്ടത്തിന് പത്തനാപുരം വേദിയാവും. ഗണേഷ് കുമാറിന്റെ വ്യക്തിപ്രഭാവം മറികടക്കാന്‍ സിനിമാരംഗത്തുള്ള ഒരാളെ മല്‍സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തിയകാര്യം ജഗദീഷും സ്ഥിരീകരിക്കുന്നു. പത്തനാപുരത്ത് ചില പൊതുപരിപാടികളില്‍ ജഗദീഷ് പങ്കെടുക്കുകയും ചെയ്തു. കാലങ്ങളായി കോണ്‍ഗ്രസ് വേദികളിലെ സജീവ സാന്നിധ്യമാണ് ജഗദീഷ്. ജഗദീഷിന് പുറമേ രാജ്‌മോഹന്‍ ഉണ്ണിത്താനാണു മണ്ഡലത്തില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന സ്ഥാനാര്‍ഥി.
സിപിഎമ്മിലെ സിറ്റിങ് എംഎല്‍എയായ എ എം ആരിഫിനെതിരേ അരൂരില്‍ സിദ്ദീഖിനെ മല്‍സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍, സിദ്ദീഖിനെ അരൂരില്‍ മല്‍സരിപ്പിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ വ്യക്തമാക്കി. അരൂരില്‍ മല്‍സരിപ്പിക്കാന്‍ പറ്റുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും ഷുക്കൂര്‍ പറഞ്ഞു. എന്നാല്‍, ഷുക്കൂറിന്റെ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അതൃപ്തി അറിയിച്ചു. ഷുക്കൂറിന്റെ പരാമര്‍ശം അനവസരത്തിലായെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, കൊടിക്കുന്നില്‍ സുരേഷ് എംപി കൊട്ടാരക്കരയില്‍ നിന്നുള്ള സാധ്യതാ പട്ടികയില്‍ ഇടംനേടി. സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏക എംപിയും കൊടിക്കുന്നില്‍ സുരേഷാണ്. കൊല്ലം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല ലഭിച്ചതിനാല്‍ അദ്ദേഹം മല്‍സരിക്കാന്‍ തയ്യാറാവില്ലെന്നാണ് അറിയുന്നത്.
Next Story

RELATED STORIES

Share it