Flash News

സിഡി വിവാദം : ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷനെതിരേ കേസ്



റായ്പൂര്‍: ലൈംഗികദൃശ്യങ്ങള്‍ അടങ്ങിയ വ്യാജ സിഡി വഴി തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ഛത്തീസ്ഗഡ് പൊതുമരാമത്ത് മന്ത്രി രാജേഷ് മുനാത്തിന്റെ പരാതിയില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ബഗല്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വിനോദ് വര്‍മ എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു. സിഡിയുടെ പകര്‍പ്പ് പോലിസിന് ലഭിച്ചിട്ടുണ്ടെന്നും അതു ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും സിവില്‍ ലൈന്‍സ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഹേം പ്രകാശ് നായക് അറിയിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങുമായി അടുത്തബന്ധം പുലര്‍ത്തുന്ന നേതാവാണു മദ്ര മുനാത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ധരംലാല്‍ കൗശിക്കിനും അര ഡസന്‍ മന്ത്രിമാര്‍ക്കുമൊപ്പമാണു മുനാത്ത് പരാതി നല്‍കാന്‍ പോലിസ് സ്‌റ്റേഷനിലെത്തിയത്. സിഡി വ്യാജമാണെന്നും വസ്തുതകള്‍ കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിയോടു അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മുനാത്ത് പറഞ്ഞു.  അശ്ലീല ദൃശ്യങ്ങളടങ്ങിയ 500 സിഡികളാണ് കഴിഞ്ഞ ദിവസം പോലിസ് വര്‍മയില്‍ നിന്നു പിടിച്ചെടുത്തത്.  അതേസമയം ഛത്തീസ്ഗഡ് പോലിസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ വിട്ടയക്കണമെന്നു കോണ്‍ഗ്രസ് വീണ്ടും ആവശ്യപ്പെട്ടു. മന്ത്രി രാജിവയ്ക്കണമെന്നും സംഭവവുമായി ബന്ധപ്പെട്ടു സ്വതന്ത്ര അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആവശ്യപ്പെട്ടു. വര്‍മയെ കേസെടുക്കാതെയാണ് അറസ്റ്റ് ചെയ്തത്. അതുപോലെ പണം ആവശ്യപ്പെട്ടതായി മന്ത്രി ആരോപിച്ചിട്ടില്ലെന്നും ഖേര പറഞ്ഞു. ബിജെപി മന്ത്രി ഉള്‍പ്പെട്ട ലൈംഗികവിവാദം അന്വേഷിച്ചതാണോ വിനോദ് വര്‍മ ചെയ്ത കുറ്റമെന്നു ഖേര ചോദിച്ചു. സത്യസന്ധമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്കു നേരെ ഛത്തീസ്ഗഡ് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അധികാരമുപയോഗിച്ച് അക്രമിക്കുകയാണ്. ബിജെപി സര്‍ക്കാരിനെതിരായി ശബ്ദിക്കുന്നവരെ അടിച്ചമര്‍ത്തുന്നതില്‍ നരേന്ദ്രമോദിയുടെ മൗനത്തെയും ഖേര വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it