സിഡി കണ്ടെത്തിയില്ല

കൊച്ചി: സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന്‍ നല്‍കിയ മൊഴിക്ക് തെളിവായി സിഡി കണ്ടെത്താനായില്ല. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉള്‍പ്പെടെ ആറു പ്രമുഖര്‍ ഉള്‍പ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തുന്നതിനായി കോയമ്പത്തൂരില്‍ പരിശോധന നടത്തി. സിഡി തന്റെ കൈവശമുണ്ടെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇതു പിടിച്ചെടുക്കാന്‍ സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ ഉത്തരവിട്ടത്.
കോയമ്പത്തൂര്‍ ശെല്‍വപുരത്തുള്ള ചന്ദ്രന്‍ എന്നയാളുടെ വീട്ടില്‍ സിഡി ഉണ്ടെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സോളാര്‍ കമ്മീഷന്‍ അഭിഭാഷകന്‍ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി പരിശോധന നടത്തിയെങ്കിലും സിഡി കണ്ടെത്താനാകാതെ മടങ്ങി. രാത്രി 8 മണിയോടെയാണ് സംഘം കോയമ്പത്തൂര്‍ ശെല്‍വപുരത്തുള്ള ചന്ദ്രന്റെ വീട്ടില്‍ എത്തിയത്.
ഈ സമയത്ത് ചന്ദ്രന്റെ മാതാവ് രാജമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ചന്ദ്രനും ഭാര്യ ശെല്‍വിയും ജോലിക്കു പോയതായിരുന്നു. തുടര്‍ന്ന് ഇവര്‍ വരുന്നതുവരെ സംഘം കാത്തുനിന്നു. ഇവര്‍ എത്തിയതോടെ ബിജു രാധാകൃഷ്ണന്‍ ഏല്‍പിച്ച രേഖകള്‍ വാങ്ങുന്നതിനാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് സോളാര്‍ കമ്മീഷന്‍ അഭിഭാഷകന്‍ ഹരികുമാര്‍ ഇവരെ അറിയിച്ചു. എന്നാല്‍, അത്തരത്തിലൊരു രേഖയുമില്ലെന്ന് ആദ്യം ഇവര്‍ സംഘത്തെ അറിയിച്ചു.
തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ബിജു രാധാകൃഷ്ണന്‍ തങ്ങളുടെ പക്കല്‍ ചില രേഖകള്‍ ഏല്‍പിച്ചിട്ടുണ്ടെന്നും വിശ്വസ്തരായ ആരുടെയെങ്കിലും പക്കല്‍ മാത്രമേ നല്‍കൂ എന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് കമ്മീഷന്റെ അഭിഭാഷകന്‍ ഹരികുമാറിനെ പോലിസ് വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി ചര്‍ച്ച നടത്തി. ഇതിനിടയില്‍ മറ്റെവിടെയോ സൂക്ഷിച്ചിരുന്ന രേഖകള്‍ അടങ്ങിയ സഞ്ചി രണ്ടു പേര്‍ ബൈക്കില്‍ ഇവിടെ എത്തിച്ചുനല്‍കി.
എന്നാല്‍, ഇതില്‍ ഏതാനും സിം കാര്‍ഡുകളും വിസിറ്റിങ് കാര്‍ഡുകളും ലെറ്റര്‍പാഡുകളും മാത്രമാണ് ഉണ്ടായിരുന്നത്. താന്‍ സിഡി നല്‍കിയിരുന്നുവെന്നും എന്നാല്‍ അതിപ്പോള്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്നും ബിജു രാധാകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രണ്ടര വര്‍ഷമായി താന്‍ ഇവരുമായി ബന്ധപ്പെട്ടിട്ട്. ചിലപ്പോള്‍ അത് നഷ്ടപ്പെട്ടിരിക്കാമെന്നും ബിജു പറഞ്ഞു. തുടര്‍ന്ന് 10 മണിയോടെ സംഘം ഇവിടെ നിന്നു മടങ്ങി.
വന്‍ പോലിസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരില്‍ എത്തിച്ചത്. തമിഴ്‌നാട് പോലിസും സഹായത്തിനായി ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it