സിജിഎല്‍, സിഎച്ച്എസ്എല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരണത്തിന് വിലക്ക്‌

ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തിയ 2017ലെ കംപെയിന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സിജിഎല്‍), കംപെയിന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ (സിഎച്ച്എസ്എല്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നതിന് സുപ്രിംകോടതി വിലക്ക് ഏര്‍പ്പെടുത്തി. ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെയാണ് വിലക്ക്. എസ്എസ്‌സി പരീക്ഷാ സംവിധാനത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.
പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് നടന്നുവെന്ന സിബിഐ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപോര്‍ട്ട് സിബിഐ നേരത്തെ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ക്രമക്കേടിലൂടെ പരീക്ഷ ജയിക്കുന്നവര്‍ കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കരുതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. എസ്എസ്‌സി പരീക്ഷയില്‍ വ്യാപകമായ ക്രമക്കേടും അഴിമതിയും ചോദ്യപേപ്പര്‍ ചോര്‍ച്ചയും നടന്നിട്ടുണ്ടെന്ന് കാണിച്ച് പ്രമുഖ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ഗോവിന്ദ് ജീ എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്.
എസ്എസ്‌സി പരീക്ഷാ സമ്പ്രദായത്തില്‍ വ്യവസ്ഥാപിതമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കണം, പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം എന്നീ അവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചത്. കേന്ദ്ര ഉദ്യോഗസ്ഥ, പരിശീല മന്ത്രാലയത്തിന് കീഴിലുള്ള എസ്എസ്‌സി സുപ്രധാനമായ വിവിധ നോണ്‍ ഗസറ്റഡ് തസ്തികകളിലേക്കാണ് പരീക്ഷ നടത്തുന്നത്. ഗ്രൂപ്പ് ബി തസ്തികകളായ സിബിഐ സബ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍, കസ്റ്റംസ് ഓഫിസര്‍ തുടങ്ങിയവയും ഗ്രൂപ്പ് സി തസ്തികകളിലെ നോണ്‍ ടെക്‌നിക്കല്‍ തസ്തികകളായ സിഎജി ഓഡിറ്റര്‍, സിഎജി അക്കൗണ്ടന്റ്, ഗ്രൂപ്പ് ബി ഗസറ്റഡ് തസ്തികകളായ ഇന്ത്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട് വിഭാഗത്തിലെ അസിസ്റ്റന്റ് അക്കൗണ്ട് ഓഫിസര്‍, അസി. ഓഡിറ്റ് ഓഫിസര്‍ എന്നിവിടങ്ങളിലേക്കുമാണ് എസ്എസ്‌സി പരീക്ഷ നടത്തുന്നത്.
Next Story

RELATED STORIES

Share it