palakkad local

സിഗ്‌നല്‍ സംവിധാനമില്ല:  ചുണ്ണാമ്പുത്തറ ജങ്ഷന്‍ ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുന്നു

പാലക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാതയിലെ മുണ്ടൂര്‍- ചന്ദ്രനഗര്‍ ലിങ്ക് പാത കടന്നുപോകുന്ന പാതയിലെ പ്രധാന കവലയായ ചുണ്ണാമ്പുത്തറ ജങ്ഷന്‍ കാലങ്ങളായി പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്നു. സിഗ്‌നല്‍ സംവിധാനങ്ങളോ സ്പീഡ് ബ്രേക്കറുകളോ തിരക്കേറിയ സമയങ്ങളില്‍ മതിയായ പോലിസുകാരുടെ സേവനങ്ങളോ ഇല്ലാത്ത ചുണ്ണാമ്പുത്തറയില്‍ രാപകലന്യേ ഗതാഗത തടസം ഏറെയാണ്.
മേലാമുറി, പാലക്കാട്, ഒലവക്കോട്, ചാത്തപ്പുരം എന്നീ റോഡുകള്‍ സംഗമിക്കുന്ന പ്രധാന കവലയാണ് ചുണ്ണാമ്പുത്തറ ജങ്ഷന്‍. ജില്ലയിലെ തന്നെ പ്രസിദ്ധമായ വടക്കന്തറ അമ്പലം, ജൈനിമേട്- ജൈനമത ക്ഷേത്രം എന്നിവയ്ക്കു പുറമെ പ്രസിദ്ധമായ കല്‍പാത്തിയിലെ അഗ്രഹാര വീഥികളും ചുണ്ണാമ്പുത്തറക്കു സമീപത്തായാണ് നിലകൊള്ളുന്നത്. . സന്ധ്യയാകുന്നതോടെ വടക്കന്തറ അമ്പലത്തിലേക്ക് ദര്‍ശനത്തിനായി നൂറുകണക്കിനു ഭക്തരാണ് ദിനംപ്രതിയെത്തുന്നതെന്നിരിക്കെ പ്രത്യേക ദിവസങ്ങളിലും ഉല്‍സവ സീസനുകളിലും ആയിരകണക്കിനു വിശ്യസികള്‍ എത്തുന്നതിനാല്‍ ചുണ്ണാമ്പുത്തറ കവലയില്‍ ഏറെ ഗതാഗത തിരക്കുണ്ടാകുന്നത്. മേഴ്‌സി കോളജില്‍ നിന്നും മേലാമുറി, വടക്കന്തറയിലൂടെ ചുണ്ണാമ്പുത്തറ വഴി ചാത്തപ്പുരം വഴിയും ജൈനിമേട് വഴിയും ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതിനുപുറമെ പാലക്കാട് നിന്നും മലമ്പുഴയിലേക്ക് തിരിച്ചും ബസുകള്‍ ചുണ്ണാമ്പുത്തറ വഴിയാണ് സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ കവലയില്‍ ബസുകള്‍ നിര്‍ത്തുന്നിടത്ത് കാത്തിരിപ്പു കേന്ദ്രങ്ങളില്ലാത്തതും യാത്രക്കാര്‍ക്ക് ഏറെ ദുരിതമാണ് തീര്‍ക്കുന്നത്. മേലാമുറിക്ക് അമിത വേഗതയില്‍ വരുന്ന ബസുകള്‍ മൂലം കവലയില്‍ അപകട സാധ്യതയേറെ കാണുന്നതിനാല്‍ ഇവിടെ ഹമ്പുകള്‍ സ്ഥാപിക്കുകയോ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സന്ധ്യ മയങ്ങിയാല്‍ ഏറെ തിരക്കനുഭവപ്പെടുന്ന ചുണ്ണാമ്പുത്തറ ജങ്ഷനില്‍ ഒരു ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. നഗരത്തിന്റെ നാലു ദിക്കുകളെ ബന്ധിപ്പിക്കുന്ന പ്രധാന കവലയായ ചുണ്ണാമ്പുത്തറ ജങ്ഷനിലെ പരാധീനതകള്‍ക്ക് പരിഹാരം കാണണമെന്നും ഇവിടെ സിഗ്‌നല്‍ സംവിധാനങ്ങളും കാത്തിരിപ്പു കേന്ദ്രങ്ങളും സ്ഥാപിക്കണമെന്നാണ് വ്യാപാരികളുടെയും പ്രദേശവാസികളുടെയും ആവശ്യം.
രക്തദാനം 18 ന്
പാലക്കാട്: ഒറ്റപ്പാലം വള്ളുവനാട് രക്തദാന സമിതിയുടെ സഹകരണത്തോടെ ഒറ്റപ്പാലം സബ്ബ് കലക്ടര്‍ ഓഫിസിലെയും താലൂക്ക് ഓഫിസിലെയും ജീവനക്കാര്‍ 18ന് രാവിലെ പത്തിന് ഒറ്റപ്പാലം താലൂക്ക് ഓഫീസില്‍ ജില്ലാശുപത്രി രക്തബാങ്കിലേക്ക് രക്തദാനം ചെയ്യും. 24ന് രാവിലെ 9ന് കോതയൂര്‍ എല്‍ പി സ്‌കൂളില്‍ സൗജന്യ നേത്ര ആയുര്‍വേദ കേള്‍വി പരിശോധന ക്യാംപും നടത്തും. കുടുതല്‍ വിവരങ്ങള്‍ക്ക് 9446514120 നമ്പറില്‍ ബന്ധപ്പെടണം.
Next Story

RELATED STORIES

Share it