kannur local

സിഗ്‌നല്‍ സംവിധാനമില്ല; ഉരുവച്ചാല്‍ടൗണില്‍ അപകടം പതിവായി



ഉരുവച്ചാല്‍: വാഹനാപകട മേഖലയായ ഉരുവച്ചാല്‍ ടൗണില്‍ ഗതാഗതനിയന്ത്രണത്തിന് സിഗ്നല്‍ സംവിധാനമില്ല. ഇതോടെ വാഹനങ്ങള്‍ ഡിവൈഡറില്‍ ഇടിച്ചുകയറുന്നത് പതിവായി. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. അപകടമില്ലാതാക്കാന്‍ സ്ഥാപിച്ച ഡിവൈഡറാണ് അപകടം വരുത്തുന്നത്. ഏതാനും വര്‍ഷം മുമ്പ് ഇവിടെ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. ഇതോടെയാണ് റോഡിന്റെ രണ്ടു ഭാഗത്തായി ഡിവൈ ഡറുകള്‍ സ്ഥാപിച്ചത്. എന്നാല്‍ സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ വലിയ വാഹനങ്ങളിടിച്ച് ഡിവൈഡറുകള്‍ തകര്‍ന്നു. മുന്നില്‍ ഡിവൈഡര്‍ ഉണ്ടെന്നറിയാതെ വാഹനങ്ങള്‍ ഡിവൈഡറിലൂടെ കയറിയിറങ്ങുകയാണ്. കഴിഞ്ഞ ദിവസം രാത്രി കൂത്തുപറമ്പ് ഭാഗത്തുനിന്ന് വന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി നിയന്ത്രണംവിട്ടു. റോഡരികില്‍ നില്‍ക്കുകയായിരുന്ന മൂന്നുപേര്‍ ഉഗ്രശബ്ദം കേട്ട് മാറിനിന്നതിനാലാണ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. കാറിന് കേടുപാട് സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല. റോഡ് പരിചയക്കുറവുള്ള ഡ്രൈവര്‍മാര്‍ തൊട്ടുമുന്നില്‍ എത്തിയാലേ ഡിവൈഡറുള്ള കാര്യം ശ്രദ്ധയില്‍പ്പെടുകയുള്ളൂ. മട്ടന്നൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഇവിടെ വളവും ഇറക്കവുമായതിനാല്‍ ഡിവൈഡറില്‍ ഇടിച്ചുകയറുകയാണ്. തകര്‍ന്ന ഡിവൈഡറുകള്‍ പുതുക്കിപ്പണിത് ട്രാഫിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it