സിഖ് വിരുദ്ധ കലാപം: ജഗദീഷ് ടൈറ്റ്‌ലര്‍ക്കു നേരെ സിഖ് യുവാവിന്റെ ആക്രമണം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കുറ്റാരോപിതനുമായ ജഗദീഷ് ടൈറ്റ്‌ലര്‍ക്കു നേരെ ആക്രമണം. ശനിയാഴ്ച രാത്രി ഡല്‍ഹിയിലെ മെഹ്‌റോളിയില്‍ കല്യാണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. 23കാരനായ സിഖ് യുവാവാണ് ടൈറ്റ്‌ലറെ തെറിവിളിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതെന്ന് പോലിസ് പറഞ്ഞു.
ടൈറ്റ്‌ലറെ ഗ്ലാസ് ഉപയോഗിച്ച് ആക്രമിച്ചെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നെന്നാണ് റിപോര്‍ട്ട്. കല്യാണത്തില്‍ പങ്കെടുത്തു പുറത്തിറങ്ങിയ ഉടനെ സിഹാജ് ഉമങ്‌സിങ് എന്ന യുവാവ് ടൈറ്റ്‌ലറെ തെറിവിളിക്കുകയും അദ്ദേഹത്തിനു നേരെ ഗ്ലാസ് എറിയുകയുമായിരുന്നു. യുവാവിനെ മറ്റുള്ളവര്‍ ചേര്‍ന്ന് പിടിച്ച് പോലിസില്‍ ഏല്‍പ്പിച്ചു.
സിഖ് കൂട്ടക്കൊലയില്‍ സിബിഐ കുറ്റവിമുക്തനാക്കിയ ജഗദീഷ് ടൈറ്റ്‌ലര്‍ക്കെതിരേ പുനരന്വേഷണം നടത്താന്‍ ഡല്‍ഹിയിലെ കീഴ്‌ക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കി സിബിഐ നല്‍കിയ അന്തിമ റിപോര്‍ട്ട് അംഗീകരിക്കാന്‍ വിസമ്മതിച്ച അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്, കൂട്ടക്കൊലയിലെ ടൈറ്റ്‌ലറുടെ പങ്കിനെക്കുറിച്ച് പുനരന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു.
മൂവായിരത്തിലേറെ സിഖുകാരാണ് 1984 ഒക്ടോബര്‍ 31ന് ഡല്‍ഹിയില്‍ നടന്ന സിഖ്‌വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it