സിക്ക വൈറസ്: 56 ദശലക്ഷം ഡോളറിന്റെ കര്‍മപദ്ധതി പ്രഖ്യാപിച്ചു

ജനീവ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന സിക്ക വൈറസ് പ്രതിരോധിക്കുന്നതിനായി ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) 56 ദശലക്ഷം ഡോളറിന്റെ കര്‍മപദ്ധതി പ്രഖ്യാപിച്ചു.
പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനായി വിവിധരാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും രാജ്യങ്ങള്‍ക്ക് ധനസഹായം നല്‍കുകയുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒ പ്രസ്താവനയില്‍ പറഞ്ഞു.
25 ലക്ഷം ഡോളര്‍ യുഎന്നിന്റെ കര്‍മപദ്ധതിക്കുള്ളതും 31 ദശലക്ഷം ഡോളര്‍ രാജ്യങ്ങള്‍ക്കുള്ള സഹായവുമായിരിക്കും.
അപകടകരമായ മേഖലകളിലെ കൊതുകുനശീകരണം, ബോധവല്‍ക്കരണം, മരുന്നുവിതരണം, ചികില്‍സ എന്നിവയ്ക്കും ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും പദ്ധതി പ്രാധാന്യം നല്‍കും.
സിക്ക വൈറസ് ഏറ്റവും കൂടുതല്‍ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുന്നത് ബ്രസീലിലാണ്. ആയിരക്കണക്കിന് കുഞ്ഞുങ്ങളാണിവിടെ തലച്ചോറിന് വൈകല്യവുമായി ജനിച്ചത്. വൈറസ് ബാധയെത്തുടര്‍ന്ന് നിരവധി കുഞ്ഞുങ്ങള്‍ മരിക്കുകയും ചെയ്തിരുന്നു.
40 ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഈ മാസം ആദ്യം ഡബ്ല്യുഎച്ച്ഒ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 25ഓളം രാജ്യങ്ങളിലാണ് സിക്ക വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.
60 വര്‍ഷങ്ങള്‍ക്കു മുമ്പ് ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലാണ് ആദ്യമായി സിക്ക വൈറസ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
Next Story

RELATED STORIES

Share it