സിക്ക വൈറസ്: സ്ഥിതി സ്‌ഫോടനാത്മകമെന്ന് ലോകാരോഗ്യ സംഘടന; 40 ലക്ഷം പേര്‍ക്കു രോഗം ബാധിച്ചേക്കും

ജനീവ: നവജാത ശിശുക്കളില്‍ മസ്തിഷ്‌ക വൈകല്യമുണ്ടാക്കുന്ന സിക്ക വൈറസ് അടുത്ത വര്‍ഷം 40 ലക്ഷം പേരിലേക്ക് പടര്‍ന്നുപിടിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മേധാവി മാര്‍ഗരറ്റ് ചാന്‍ മുന്നറിയിപ്പ് നല്‍കുന്നത്. തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സ്ഥിതി സ്‌ഫോടനാത്മകമാണെന്നാണ് സംഘടനാ റിപോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അടിയന്തരയോഗം അടുത്തമാസം ഒന്നിന് വിളിച്ചിട്ടുണ്ട്. ബ്യൂനസ് ഐറിസില്‍ താമസിക്കുന്ന കൊളംബിയന്‍ സ്വദേശിയായ ഗര്‍ഭിണിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ അര്‍ജന്റീനയും സിക്ക വൈറസ് ഭീതിയിലാണ്. അടുത്തയാഴ്ച യോഗം ചേരുന്നുണ്ട്. അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
തലയോട്ടി ചുരുങ്ങിയ അവസ്ഥയായ 'മൈക്രോസെഫാലി'യുമായി ബ്രസീലില്‍ ശിശുക്കള്‍ പിറക്കുന്നതിനു പിന്നില്‍ സിക്ക വൈറസാണെന്നാണു നിഗമനമെങ്കിലും ശാസ്ത്രീയ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍, സ്ഥലകാലങ്ങളുടെ അടിസ്ഥാനത്തില്‍ ഇവ തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ വൈറസ് പടരുന്നതോടെ 'മൈക്രോസെഫാലി' ജനനങ്ങളും പെരുകുമെന്ന് ഈ മേഖലകളുടെ ചുമതലയുള്ള ലോകാരോഗ്യ സംഘടന അധികൃതര്‍ ഇന്നലെ മുന്നറിയിപ്പു നല്‍കി.
ലോകം അതി ഭീകരമായ ആരോഗ്യപ്രശ്‌നങ്ങളുടെ ഭീഷണിയുടെ നിഴലില്‍ തുടരുമ്പോഴും വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ഇനിയും കണ്ടെത്താനായില്ലെന്നത് സംഭവത്തിന്റെ തീവ്രത വര്‍ധിപ്പിക്കുകയാണ്. ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ വ്യാപിച്ചതെങ്കിലും ഇതിനോടകം കുറഞ്ഞത് 25 ഓളം രാജ്യങ്ങളിലേക്ക് വൈറസ് വ്യാപിച്ചിട്ടുണ്ട്. ചിലി, കാനഡ എന്നിവിടങ്ങളിലൊഴികെ മിക്ക അമേരിക്കന്‍ രാജ്യങ്ങളിലേക്കും വൈറസ് പടര്‍ന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കൊതുക്ജന്യ വൈറല്‍ അണുബാധയായ സിക്ക ജനിതക തകരാറുകള്‍ക്കു കാരണമാകുന്നു. കൊതുകു കടിക്കുന്നതിലൂടെയാണ് ഇതു പടരുന്നത്. രണ്ടു മുതല്‍ ഏഴു ദിവസങ്ങള്‍ വരെ ഉണ്ടാകുന്ന പനി, ത്വക്കില്‍ തടിപ്പോ അസഹനീയമായ ചൂടുപൊന്തലോ, ചെങ്കണ്ണ് തുടങ്ങിയ ലക്ഷണങ്ങള്‍ സിക്ക ബാധിച്ചാല്‍ ഉണ്ടാവാം.
Next Story

RELATED STORIES

Share it