സിക്ക വൈറസ് ബാധ; എല്‍ സാല്‍വഡോറില്‍ സ്ത്രീകള്‍ ഗര്‍ഭിണികളാവരുതെന്ന് നിര്‍ദേശം

സാന്‍ സാല്‍വഡോര്‍: സിക്ക വൈറസ് ബാധയെത്തുടര്‍ന്ന് ബ്രസീലില്‍ 4000ത്തോളം കുഞ്ഞുങ്ങള്‍ തലച്ചോറില്‍ വൈകല്യവുമായി ജനിച്ചതിനു പിന്നാലെ, മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറില്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് സ്ത്രീകള്‍ ഗര്‍ഭിണികളാവരുതെന്ന് നിര്‍ദേശം. നിലവില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ അടച്ചിട്ട മുറികളില്‍ കഴിയണമെന്നും കൊതുകുകടിയേല്‍ക്കാതെ സൂക്ഷിക്കണമെന്നും ആരോഗ്യ സഹമന്ത്രി എഡ്വാര്‍ഡോ എസ്പിനോസ അറിയിച്ചു.
കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി രാജ്യത്ത് 5397 പേരില്‍ സിക്ക വൈറസ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം. 96 ഗര്‍ഭിണികളില്‍ വൈറസ് ബാധ കണ്ടെത്തിയിരുന്നെങ്കിലും അവര്‍ക്ക് ജനിച്ച കുഞ്ഞുങ്ങള്‍ക്ക് തലച്ചോറില്‍ വൈകല്യമോ വലുപ്പക്കുറവോ ബാധിച്ചിരുന്നില്ല. ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിക്ക വൈറസ് ബാധിച്ചവരുള്ളത് കൊളംബിയയിലാണ്.
കൊളംബിയയിലും സ്ത്രീകള്‍ അടുത്ത എട്ടു മാസത്തേക്ക് ഗര്‍ഭം ധരിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിക്കുന്‍ ഗുനിയയും ഡങ്കിപ്പനിയും പകര്‍ത്തുന്ന ഈഡിസ് ഇജിപ്തി വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളാണ് സിക്ക വൈറസും പരത്തുന്നത്.
Next Story

RELATED STORIES

Share it