Idukki local

സിക്ക വൈറസ്; ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്

തൊടുപുഴ: സിക്ക വൈറസിനെ പ്രതിരോധിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കി, ചിക്കന്‍ ഗുനി പോലെ ഈഡീസ് കൊതുകുകള്‍ പരത്തുന്ന മറ്റൊരു രോഗമാണ് സിക്ക വൈറസ്. ഇന്നേവരെ ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഈ കൊതുകുകളുടെ ആധിക്യം ഇന്ത്യയേയും ഈ രോഗത്തിന്റെ ഭീഷണിയിലാക്കുന്നു.
ഡങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങള്‍ തന്നെയാണ് സിക്ക വൈറസ് രോഗത്തിനുമുള്ളത്. പെട്ടെന്നുള്ള പനി, തലവേദന, ശരീരവേദന, സന്ധികളിലെ വേദന, കണ്ണുകള്‍ക്ക് ചുവപ്പോ പിങ്കുനിറമോ മുതലായ ലക്ഷണങ്ങള്‍ ഈ രോഗത്തിന് കണ്ടുവരുന്നു. സിക്കവൈറസ് രോഗം ബാധിച്ച വ്യക്തിയെ കടിക്കുന്ന ഈഡിസ് കൊതുകുകളില്‍ 3 മുതല്‍ 7 ദിവസത്തിനകം വൈറസ് പെരുകുകയും അതേ കൊതുകുകടിക്കുന്ന മറ്റൊരാളിലേക്ക് രോഗം പകരുകയും ചെയ്യുന്നു.
ഒരിക്കല്‍ വൈറസ് ബാധിച്ച കൊതുകിന്റെ വംശപരമ്പരകളിലും ഈ വൈറസ് ഉണ്ടായിരിക്കും എന്നതും ശ്രദ്ധേയമാണ്. ലൈംഗിക ബന്ധത്തിലൂടെയും ഉമിനീരിലൂടേയും രക്തദാനത്തിലൂടെയും ഈ രോഗം പകരും എന്ന് കണ്ടെത്തിയിട്ടുണ്ട്.
സാധാരണയായി വളരെ ലഘുവായ രോഗലക്ഷണങ്ങളാണ് ഈ രോഗത്തിനുള്ളത്. അതിനാല്‍ തന്നെ രോഗികള്‍ ആശുപത്രികളെ ആശ്രയിക്കുന്നത് തുലോം വിരളമാണ്. 80 ശതമാനം ആളുകളിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാറുമില്ല. എന്നാല്‍ അവര്‍ രോഗ വാഹകരായി ഭവിക്കുന്നതാണ്.
ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആല്‍ബോപിക്റ്റസ് എന്നീ രണ്ടിനത്തില്‍പ്പെട്ട കൊതുകുകളാണ് ഈ രോഗം പരത്താന്‍ സാധ്യതയുള്ളവ. ഈജിപ്റ്റി കൊതുകുകള്‍ മനുഷ്യ നിര്‍മിത സ്രോതസ്സുകളിലാണ് മുട്ടയിട്ട് പെരുകുന്നത്. (സിമന്റ്, ടാങ്ക്, സിമന്റ് സംഭരണികള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, ടയറുകള്‍, പൂച്ചെട്ടികള്‍, നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ഇടങ്ങള്‍ മുതലായവ) ജലദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍, വെള്ളം സംഭരിച്ചുവക്കുന്ന പ്രദേശങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. 20 മുതല്‍ 30 ശതമാനം സ്രോതസ്സുകളിലും ഈഡിസ് കൊതുകിന്റെ മുട്ടകള്‍ സുരക്ഷിതമായി ഉണ്ട്.
ഇവയെല്ലാം മാസങ്ങള്‍ക്കുശേഷം ജലലഭ്യതയ്ക്കനുസരിച്ച് വിരിഞ്ഞു ലാര്‍വകളുണ്ടാവുന്നു. അതിനാല്‍ നമുക്കു ചുറ്റുമുള്ള ഉണങ്ങിയതും അല്ലാത്തതുമായ മുഴുവന്‍ സ്രോതസ്സുകളും മഴക്കുമുമ്പേ കണ്ടെത്തി നശിപ്പിക്കുകയോ സുരക്ഷിതമായി നീക്കം ചെയ്യുകയോ ആണ് മഴക്കാല സ്രോതസ്സ് നശീകരണത്തേക്കാള്‍ ഉത്തമം.
ഓരോ വ്യക്തിയും അവനവന്റെ ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുകയും കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള സ്രോതസ്സുകള്‍ കണ്ടെത്തി നശിപ്പിക്കുകയും ചെയ്യുന്നതിന് തയ്യാറായാല്‍ മാത്രമേ ഈ പുതിയ രോഗത്തെ നമുക്ക് തടഞ്ഞുനിര്‍ത്താനാവൂ.
Next Story

RELATED STORIES

Share it