Idukki local

സിഐയെ ഒഴിവാക്കി എസ്‌ഐയെ കക്ഷിയാക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്

തൊടുപുഴ: പെണ്‍കുട്ടിയെ കാണാതായതിന്റെ പേരില്‍ കാമുകന്റെ മാതാപിതാക്കളെ അനുനയത്തില്‍ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അസഭ്യവര്‍ഷവും ഭീഷണിയും നടത്തിയ സംഭവം വഴിതിരിച്ചു വിടാനുള്ള ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നീക്കം വിവാദമാവുന്നു. സംഭവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് കമ്മീഷന്‍ ഗൗരവമായി എടുത്തിരിക്കുന്നത്. തെക്കുംഭാഗം സ്വദേശികളായ ദമ്പതികളെയാണ് പോലിസ് ഇന്‍സ്‌പെക്ടര്‍ എന്‍ ജി ശ്രീമോന്‍ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി തടഞ്ഞുനിര്‍ത്തി അസഭ്യവര്‍ഷം നടത്തിയത്. ഒരു പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണമാണ് വിവാദമായത്. സ്‌റ്റേഷനിലെത്തിയ ദമ്പതികളുടെ ഡല്‍ഹിയില്‍ ജോലിചെയ്യുന്ന മകന്റെയടുത്ത് പെണ്‍കുട്ടിയുണ്ടെന്നും ഉടന്‍ പെണ്‍കുട്ടിയെ സ്‌റ്റേഷനില്‍ എത്തിച്ചാല്‍ വിട്ടയക്കാമെന്നുമായിരുന്നു സിഐയുടെ നിലപാട്. എന്നാല്‍, പെണ്‍കുട്ടി എവിടെയെന്ന കാര്യത്തില്‍ ഇവര്‍ക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ദമ്പതികളെ തടഞ്ഞുവച്ച വിവരമറിഞ്ഞ് പൊതുപ്രവര്‍ത്തകര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ് ഇവരെ വിട്ടയച്ചത്. തുടര്‍ന്ന് ദമ്പതികള്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി നല്‍കിയ റിപോര്‍ട്ടിലാണ് സിഐയെ രക്ഷിക്കുവാനുള്ള പഴുതുകള്‍ എഴുതിച്ചേര്‍ത്തത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ഗൗരവമായ കേസായതിനാല്‍ തൊടുപുഴ പോലിസ് ഇന്‍സ്‌പെക്ടര്‍ ഇടപെടുകയും കാമുകന്റെ മാതാപിതാക്കളെ ഓഫിസില്‍ വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിക്കുകയുമായിരുന്നു. ഇവര്‍ അന്വേഷണത്തോട് സഹകരിക്കാത്തതിനെ തുടര്‍ന്ന് ഇതിന്റെ ദൂഷ്യവശങ്ങള്‍ പോലിസ് പറഞ്ഞ് മനസ്സിലാക്കിയെന്നുമാണ് റിപോര്‍ട്ട്. സിഐ ചോദ്യം ചെയ്തില്ലെന്നും എസ്‌ഐയാണ് ചോദ്യം ചെയ്തതെന്നുമാണ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നത്. ഇത് വാസ്തവവിരുദ്ധമാണെന്ന് കാണിച്ച്  18ന് തൊടുപുഴയില്‍ നടക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ വീണ്ടും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ദമ്പതികള്‍.
Next Story

RELATED STORIES

Share it