സിഐഎ മേധാവിയുടെ ഇ-മെയില്‍ വിദ്യാര്‍ഥികള്‍ ഹാക്ക് ചെയ്തു

വാഷിങ്ടണ്‍: നാലു ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി സിഐഎയുടെ ഡയറക്ടറുടെ ഇ-മെയില്‍ ഹാക്ക് ചെയ്തു രഹസ്യവിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചോര്‍ത്തി. വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല, ഇക്കാര്യം ഡയറക്ടറായ ജോണ്‍ ബ്രണ്ണനെ വിളിച്ചുപറയുകയും ചെയ്തു. ഇത് പുറത്താരുമറിയാതെ തീര്‍ക്കാന്‍ എത്ര പണം തരണമെന്നു സിഐഎ ഡയറക്ടര്‍ തങ്ങളോട് ചോദിച്ചതായി കുട്ടികള്‍ വ്യക്തമാക്കുന്നു.
യുഎസിന്റെ വിദേശനയങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഹാക്കിങ് നടത്തിയതെന്നു വ്യക്തമാക്കിയ ഹാക്കര്‍മാര്‍ ഫലസ്തീന് യുഎസ് പിന്തുണ പ്രഖ്യാപിക്കണമെന്ന് ഇന്റര്‍നെറ്റ് വഴിയുള്ള ഫോണ്‍കോളിലൂടെ ആവശ്യപ്പെട്ടു. ഒബാമയുടെ സര്‍ക്കാരില്‍ ആദ്യം സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് ഹിലാരി ക്ലിന്റന്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കു സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചത് വന്‍ വിവാദമായിരുന്നു.
തന്റെ രഹസ്യ ഇടപാടുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാവാതിരിക്കാന്‍ വേണ്ടിയാണ് ഔദ്യോഗിക ഇ-മെയില്‍ ഒഴിവാക്കി സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചതെന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച വിശദീകരണം 22ന് ഹിലാരി യുഎസ് കോണ്‍ഗ്രസ്സില്‍ നടത്താനിരിക്കെയാണ് സിഐഎ തലവനും സമാനമായ പ്രശ്‌നം ഉണ്ടായത്.
ഹാക്ക് ചെയ്തവയില്‍ വൈറ്റ്ഹൗസിലെ ഔദ്യോഗിക ഇ-മെയിലില്‍ നിന്ന് അയച്ച പല മെയിലുകളും ബ്രണ്ണന്റെ ഫോണ്‍ കോണ്‍ടാക്ട് ലിസ്റ്റുമുണ്ട്. സിഐഎ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നടത്തിയ ഫോണ്‍കോളുകളുടെ വിവരങ്ങളുമുണ്ട്. ഹാക്കര്‍മാരെ പിടികൂടിയാല്‍ ക്രിമിനല്‍ കുറ്റം വരെ ചുമത്താവുന്ന വകുപ്പാണെന്നും പക്ഷേ ഇതോടൊപ്പം ബ്രണ്ണനും പല ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ടി വരുമെന്നും വിദഗ്ധര്‍ കരുതുന്നു.
Next Story

RELATED STORIES

Share it