സിഐഎഫ്ടി പരിശോധനാ കിറ്റ് വികസിപ്പിച്ചു

തിരുവനന്തപുരം: മല്‍സ്യത്തിലെ മായം കണ്ടെത്താനായി ഇനിമുതല്‍ അധികം കാത്തിരിക്കേണ്ടതില്ല. പരിശോധന പൂര്‍ത്തിയാക്കി നിമിഷങ്ങള്‍ക്കകം ഫലം ലഭ്യമാക്കാന്‍ സംവിധാനമായി. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ഇതിനുള്ള കിറ്റുകള്‍ വികസിപ്പിച്ചു. സിഫ്‌ടെസ്റ്റ് എന്ന പേരില്‍ രണ്ടുതരം പരിശോധനാ കിറ്റുകളാണ് തയ്യാറാക്കിയത്. ആറുമാസത്തെ പരീക്ഷണം വിജയകരമെന്നു കണ്ടെത്തിയതോടെ ഈ കിറ്റ് ഉപയോഗിച്ച് സംസ്ഥാനത്തെ മല്‍സ്യവിപണന കേന്ദ്രങ്ങളില്‍ വ്യാപക പരിശോധനയ്ക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍.
ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകള്‍ ചേര്‍ന്ന് ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കിറ്റിന്റെ ഔദ്യോഗിക ലോഞ്ചിങ് പാളയം മല്‍സ്യമാര്‍ക്കറ്റിലെ മല്‍സ്യങ്ങള്‍ പരിശോധിച്ച് മന്ത്രി നിര്‍വഹിച്ചു.
മല്‍സ്യത്തില്‍ അമോണിയ, ഫോര്‍മാലിന്‍ എന്നിവ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ത്വരിതഗതിയില്‍ തിരിച്ചറിയാന്‍ ഈ കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിലൂടെ കഴിയും. ചെറിയൊരു സ്ട്രിപ്പാണ് മീനില്‍ മായമുണ്ടോയെന്നു കണ്ടെത്താനായി ഉപയോഗിക്കുന്നത്. ഈ സ്ട്രിപ്പ് മീനില്‍ അമര്‍ത്തിയശേഷം സ്ട്രിപ്പിലേക്ക് ഒരു തുള്ളി രാസലായനി ഒഴിക്കണം. മായം കലര്‍ന്ന മീനാണെങ്കില്‍ സ്ട്രിപ്പിന്റെ നിറം മാറും. മല്‍സ്യം കേടാകുന്നത് ഒഴിവാക്കാന്‍ സാധാരണഗതിയില്‍ ഫോര്‍മാലിനും അമോണിയയും വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കുന്ന ഇവയുടെ ഉപയോഗം കണ്ടെത്താന്‍ എളുപ്പമാര്‍ഗമില്ലാത്തതുമൂലം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ കാര്യക്ഷമമാവാറില്ല. ഈ പ്രശ്‌നം മറികടക്കാന്‍ പുതിയ സംവിധാനത്തിനു കഴിയും.
മായം കണ്ടെത്താനുള്ള കിറ്റില്‍ സ്ട്രിപ്പ്, രാസലായനി, നിറം മാറുന്നത് ഒത്തുനോക്കാനുള്ള കളര്‍ചാര്‍ട്ട് എന്നിവയുണ്ടാവും. 100 രൂപയാണ് ഒരു കിറ്റിന്റെ വില. ഒരു കിറ്റില്‍ 50 സ്ട്രിപ്പുകളുണ്ടാവും. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ചാല്‍ ഒരു സ്ട്രിപ്പിന് ഒരു രൂപയെ ചെലവു വരുകയുള്ളൂവെന്ന് സിഫ്റ്റിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു.


Next Story

RELATED STORIES

Share it