സിഎജി റിപോര്‍ട്ട്: പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതെന്ന് വിഎസ്

തിരുവനന്തപുരം: രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ കോമണ്‍വെല്‍ത്ത് ഗെയിംസിനെ വെല്ലുന്ന അഴിമതിയാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ ദേശീയ ഗെയിംസില്‍ അരങ്ങേറിയതെന്ന പ്രതിപക്ഷ ആരോപണം പൂര്‍ണമായി ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന സിഎജി റിപോര്‍ട്ടെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.
യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിയുടെ നേതൃത്വത്തിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പില്‍ കോടികളുടെ അഴിമതി നടത്തിയത്. അതിന്റെ പേരില്‍ കല്‍മാഡി കല്‍ത്തുറുങ്കിലുമായി. സമാനമായ അഴിമതി ഇവിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ ദേശീയ ഗെയിംസിലും ഉണ്ടായതായാണ് സിഎജി റിപോര്‍ട്ട് തെളിയിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തൊട്ട് ഗെയിംസിനുള്ള ഉപകരണങ്ങളില്‍ തുടങ്ങി വാട്ടര്‍ ബോട്ടിലുകള്‍ വരെ വാങ്ങിയതില്‍ അഴിമതി നടന്നതായാണ് റിപോര്‍ട്ടിലുള്ളത്.
ഗെയിംസ് വില്ലേജിലേക്കു വാങ്ങിയ എയര്‍ കണ്ടീഷണറുകള്‍ കാണാതായതായും പറയുന്നുണ്ട്. സിഎജി റിപോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് ഈ അഴിമതിയുടെ ഉത്തരവാദികള്‍ എന്നു ബോധ്യപ്പെട്ടിരിക്കുകയാണ്. സുരേഷ് കല്‍മാഡിയുടെ ഗതിയായിരിക്കും ഉമ്മന്‍ചാണ്ടിക്കും വരാന്‍പോവുന്നത്. ഇക്കാര്യം അറിയാവുന്നതുകൊണ്ടാണ് ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ നിന്ന് താന്‍ മാറിനിന്നതെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it