സിഎജിയുടെ കണ്ടെത്തലുകള്‍ അബദ്ധങ്ങളെന്ന് കമ്മീഷന്‍

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തലുകള്‍ക്ക് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ കടുത്ത വിമര്‍ശനം. കരാറിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്രമങ്ങള്‍ പരിഹാസ്യമാണെന്നും ഇന്നലത്തെ സിറ്റിങില്‍ കമ്മീഷന്‍ നിരീക്ഷിച്ചു.
പൂര്‍ണമായും സര്‍ക്കാര്‍ സഹായത്തോടെയുള്ള പദ്ധതിയുടെ സാമ്പത്തികവിനിയോഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഗണത്തില്‍പ്പെടുത്തിയ സിഎജിയുടെ നടപടി വിഡ്ഢിത്തവും ബുദ്ധിശൂന്യവുമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. സിഎജിക്ക് അടിസ്ഥാനപരമായി തന്നെ പിഴവു സംഭവിച്ചിരിക്കുന്നു. സിഎജിയെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോയെന്ന സംശയവും കമ്മീഷന്‍ പങ്കുവച്ചു. നഷ്ടവും ലാഭവും കണക്കാക്കാതെ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണു വിഴിഞ്ഞം പദ്ധതിയെന്നും അതു വിലയിരുത്താന്‍ സിഎജിക്ക് അവകാശമുണ്ടോ എന്നും കമ്മീഷന്‍ ചോദിച്ചു. സിഎജിയുടെ കണ്ടെത്തലുകളോട് ഇപ്പോഴത്തെ സര്‍ക്കാരിന് യോജിപ്പാണെങ്കില്‍, കൂടുതല്‍ നഷ്ടത്തിന് ഇടയാക്കാതെ പദ്ധതി റദ്ദാക്കുന്നതിനെക്കുറിച്ച് സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനും സര്‍ക്കാര്‍ അഭിഭാഷകനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. നേരത്തേ ചോദിച്ച കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ വ്യക്തത നല്‍കിയിട്ടില്ല. അടിയന്തരമായി ഇക്കാര്യങ്ങളില്‍ ശരിയായ നിലപാടറിയിക്കണം. ഇതിനു കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ എം പി ശ്രീകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, എത്രയും വേഗം വിശദീകരണം നല്‍കണമെന്നും കുതിരയ്ക്കു മുന്നില്‍ വണ്ടികെട്ടി മുന്നോട്ടുപോവാനാവില്ലെന്നും കമ്മീഷന്‍ പറഞ്ഞു. സാമ്പത്തികമായി പദ്ധതി പ്രയോജനം ചെയ്യില്ലെന്ന പഠന റിപോര്‍ട്ട് ഉണ്ടായിട്ടും 2006-11ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരാണ് പദ്ധതിയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചതെന്ന് തുറമുഖവകുപ്പ് മുന്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് വ്യക്തമാക്കി.
എജി ഓഫിസിലെ റിട്ട. ഉദ്യോഗസ്ഥനാണ് വിഴിഞ്ഞം പദ്ധതിക്കെതിരേ അബദ്ധ വിമര്‍ശനങ്ങളുമായി ആദ്യം രംഗത്തുവന്നത്. ഇദ്ദേഹം നിരവധി ലേഖനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പല ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. ഈ അബദ്ധങ്ങള്‍ സിഎജിയും ആവര്‍ത്തിച്ചിരിക്കുകയാണെന്നും ജെയിംസ് വര്‍ഗീസും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി. പദ്ധതിയുടെ മൊത്തം ചെലവും സര്‍ക്കാര്‍ നിശ്ചയിച്ചശേഷം നിര്‍മാണക്കമ്പനികളെ ക്ഷണിക്കുകയായിരുന്നു. മന്ത്രിസഭയുടെ കൂട്ടായ തീരുമാനമായിരുന്നു അത്. ഈ സാഹചര്യത്തില്‍ ഒരാള്‍ക്കെതിരേ മാത്രം കുറ്റം കാണാനാവുമോയെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
പദ്ധതിയുമായി മുന്നോട്ടുപോവാനാണ് ഇപ്പോഴത്തെ സര്‍ക്കാരും തീരുമാനിച്ചിരിക്കുന്നതെന്നും അതിനു മുന്നോടിയായി 290 കോടി രൂപ കമ്പനിക്കു ലഭിച്ചതായും അദാനി ഗ്രൂപ്പിന്റെ ഉപദേശകന്‍ സന്തോഷ് കുമാര്‍ മഹാപാത്ര വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഡിറ്റ് എന്ന ഗണത്തിലാണ് വിഴിഞ്ഞം കരാര്‍ സിഎജി വിലയിരുത്തിയിരിക്കുന്നത്. തുറമുഖത്തിനായുള്ള പൊതുമേഖലാ സ്ഥാപനം ഇപ്പോഴും കടലാസില്‍ മാത്രമാണ്. നിര്‍മാണം പൂര്‍ത്തിയാക്കിനല്‍കുമ്പോള്‍ മാത്രമാണ് അതു യാഥാര്‍ഥ്യമാവുക. അതിനാല്‍ സിഎജിയുടെ നടപടി അടിസ്ഥാന ഓഡിറ്റിങ് തത്ത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
പൊതുതാല്‍പര്യഹരജി നല്‍കിയിരുന്ന എം കെ സലിം ഉള്‍െപ്പടെ സിഎജിയുടെ റിപോര്‍ട്ടിന്റെ അനുകൂലികളാരും തന്നെ സിറ്റിങില്‍ ഹാജരായില്ല. അതിനിടെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സി എല്‍ ആന്റോ കേസില്‍ കക്ഷിചേരുന്നതിനായി കമ്മീഷന് അപേക്ഷ നല്‍കി. സിറ്റിങ് ഇന്നും നാളെയും തുടരും.
Next Story

RELATED STORIES

Share it