kozhikode local

സിഎം മഖാം -നരിക്കുനി റൂട്ടില്‍ യാത്രാ ക്ലേശം രൂക്ഷമാവുന്നു

കൊടുവള്ളി: 2004 മുതല്‍ ആരംഭിച്ച ഭക്ഷിണേന്ത്യയിലെ പ്രമുഖ സിയാറത്ത് കേന്ദ്രമായ മടവൂര്‍ സി എം മഖാം വഴി -നരിക്കുനി റൂട്ടില്‍ കെ എസ് ആര്‍ ടിസി ബസ് സര്‍വീസ് പൂര്‍ണ്ണമായും നിര്‍ത്തിയത് റൂട്ടില്‍ യാ ത്രാദുരിതം വര്‍ധിക്കാന്‍ ഇടയായി. ഒപ്പം റൂട്ടില്‍ സര്‍വ്വീസ് നടത്തിവന്നിരുന്ന നിരവധി സ്വകാര്യ ബസുകള്‍ റൂട്ട് സറണ്ടര്‍ ചെയ്ത് ഓട്ടം നിര്‍ത്തിയതും മറ്റൊരു കാരണമാണ്. സിഎം മഖാംനരിക്കുനി റൂട്ടില്‍ ബസ് സര്‍വീസുള്ള സ്വകാര്യ ബസുടമകള്‍ സംഘം ചേര്‍ന്ന് പണം മുടക്കി റൂട്ടിലോടുന്ന നിരവധി ബസുകളാണ് സമീപകാലത്തായി റൂട്ടടക്കം വിലക്ക് വാങ്ങി റൂട്ട് സറണ്ടര്‍ ചെയ്ത് ഓട്ടം നിര്‍ത്തിയിരിക്കുന്നത്.ദക്ഷിണേന്ത്യയിലെ പ്രമുഖ മുസ്്‌ലിം സിയാറത്ത് കേന്ദ്രമായ മടവൂര്‍ സിഎം മഖാം ഉള്‍പ്പെട്ട വഴി ജില്ലയിലെ തിരക്കേറിയ റൂട്ടുകളിലൊന്നാണ്. അടുത്ത കാലം വരെ അഞ്ച് മിനിട്ട് ഇടവിട്ട് ബസ് സര്‍വീസ് നടന്നിരുന്ന റൂട്ടില്‍ പത്തുംപതിനഞ്ചും മിനിട് ഇടവിട്ടാണിപ്പോള്‍ സര്‍വ്വീസ്. സറണ്ടര്‍ ചെയ്ത് റൂട്ടില്‍ കൃത്രിമ യാത്രാ ക്ലേശം സൃഷ്ടിക്കുന്നതില്‍ മോട്ടോര്‍ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായവും ഇവര്‍ക്ക് ലഭിക്കുന്നതായി പറയപ്പെടുന്നു. മാത്രമല്ല 2004 മുതല്‍ കൊടുവള്ളി എംഎല്‍എ മാരായിരുന്ന സി മമ്മുട്ടി, അഡ്വ: പി ടി എ റഹിം, വി എം ഉമര്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ ശ്രമഫലമായി 17 ഓളം ട്രിപ്പ് കെഎസ്ആര്‍ടിസി ബസുകളും സിഎം മഖാം - കുന്ദമംഗലം - സിവില്‍ റൂട്ടിലും സര്‍വ്വീസ് നടത്തിയിരുന്നു. ഇതാവട്ടെ ഒന്നോ രണ്ടോ ട്രിപ്പ് ഓടിയതിനു ശേഷം ഏതാനും ദിവസമായി പൂര്‍ണ്ണമായും നിര്‍ത്തലാക്കിയിരിക്കയുമാണ്. ഇതിന് പിന്നിലും സ്വകാര്യബസുടമകളുടെ സമ്മര്‍ദ്ധമുള്ളതായി ആരോപണമുയര്‍ന്നിട്ടുണ്ട്. യാത്രക്കാരെ കുത്തിനിറച്ച് സര്‍വീസ് നടത്തുന്നത് ഏറെപ്രയാസത്തിനിടയാക്കുന്നു. സിഎം മഖാംനരിക്കുനി റൂട്ടിലെ യാത്ര ദുരിതമകറ്റുന്നതിന് ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നിര്‍ത്തലാക്കിയ 17 ട്രിപ്പ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് മടവൂര്‍ മേഖലാ കെഎസ്ആര്‍ടിസി ബസ് സംരക്ഷണ സമിതി ചെയര്‍മാന്‍ എന്‍ ഖാദര്‍ മാസ്റ്റര്‍ കാരാട്ട് റസാക്ക് എം എല്‍ എക്ക് നിവേദനം നല്‍കി.
Next Story

RELATED STORIES

Share it